ലോക്ക്ഡൗണ്‍ വീണ്ടും നീളുമോ? പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. പതിവ് പോലെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാകും ലോക്ക്ഡൗണ്‍ സാഹചര്യങ്ങള്‍ വിലയിരുത്താനുള്ള ഈ യോഗം നടക്കുക. നാളെ ഉച്ചയ്ക്ക് 3 മണിക്കാകും കൂടിക്കാഴ്ച. ഗുരുതരമായ രീതിയില്‍ കൊവിഡ് ബാധിച്ച സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങളാകും യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക.

ഏഴ് ദിവസം മാത്രമേ നിലവിലുള്ള ലോക്ക്ഡൗണ്‍ കാലയളവ് അവസാനിക്കാന്‍ ബാക്കിയുള്ളൂ. മൂന്നാം ലോക്ക്ഡൗണ്‍ വീണ്ടും നീട്ടണോ എന്ന കാര്യത്തില്‍ ഈ നിര്‍ണായകയോഗത്തിലെ അഭിപ്രായങ്ങള്‍ കൂടി വിലയിരുത്തിയാകും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുക. നിലവില്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കാകരമായ വര്‍ദ്ധന തന്നെയാണ് രേഖപ്പെടുത്തുന്നത്.

ഇന്ന് കേന്ദ്രക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ഹെല്‍ത്ത് സെക്രട്ടറിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ നിലവിലുള്ള റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകളുടെ വിഭജനത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയെന്നാണ് സൂചന. കുടിയേറ്റത്തൊഴിലാളികള്‍ കൂടി തിരികെ വരുന്നതോടെ, നിലവില്‍ ഗ്രീന്‍ സോണിലുള്ള നിരവധി പ്രദേശങ്ങള്‍ ഓറഞ്ചോ റെഡ് സോണിലേക്കോ തന്നെ മാറാന്‍ സാധ്യതയുണ്ടെന്ന് മിക്ക സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടി. റെഡ് സോണുകളായ നഗരങ്ങളില്‍ നിന്നാണ് കുടിയേറ്റത്തൊഴിലാളികള്‍ ട്രെയിന്‍ മാര്‍ഗവും നടന്നും, റോഡ് മാര്‍ഗവും നിലവില്‍ നാടുകളിലേക്ക് പോകുന്നത്. ഇങ്ങനെ കുടിയേറ്റത്തൊഴിലാളികളെ കൊണ്ടുപോകുന്നതും, പൊതുഗതാഗതം അങ്ങനെ ചെറിയ രീതിയിലെങ്കിലും പുനഃസ്ഥാപിക്കുന്നതും രാജ്യം സാധാരണ നിലയിലാകുന്നതിനെ ചെറുക്കുമെന്നും, ഇതില്‍ പുനഃപരിശോധന വേണമെന്നും നിരവധി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.