കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് രണ്ട് ദിവസത്തെ യോഗം തുടങ്ങുന്നത്. ആദ്യദിനം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും സംസാരിക്കാനുള്ള അവസരം നല്‍കും. പഞ്ചാബ് അസ്സം മുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ മൂന്നാമതായാവും ഇന്ന് പിണറായി വിജയന് സംസാരിക്കുക. പ്രവാസികള്‍ക്കുള്ള കൊവിഡ് സര്‍ട്ടിഫിക്കറ്റ് അടക്കം വിഷയങ്ങള്‍ കേരളം ഉന്നയിക്കും.

നാളെ കൂടുതല്‍ കൊവിഡ് കേസുകള്‍ ഉള്ള മഹാരാഷ്ട്ര, ദില്ലി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ നിലപാട് നരേന്ദ്ര മോദി കേള്‍ക്കും. ചെന്നൈ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട് ഇന്നലെ തീരുമാനിച്ചിരുന്നു. എന്നാല്‍ ദേശീയ ലോക്ക്ഡൗണ്‍ തിരിച്ചു കൊണ്ടുവരുന്നത് അജണ്ടയില്‍ ഇല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.