കോവിഡ് മാറി മാതാപിതാക്കള്‍ തിരിച്ചെത്തി; പൊന്നുപോലെ നോക്കിയ ഡോക്ടറമ്മയില്‍ നിന്ന് കുഞ്ഞിന് മടക്കം

കൊച്ചി: ഡോക്ടറമ്മയുടെ കരുതലില്‍ നിന്ന് ഇനി ഉണ്ണി അച്ഛന്റെയും അമ്മയുടെ സ്‌നേഹത്തിലേക്ക്. കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ ചികിത്സയിലായതോടെ ആറുമാസം പ്രായമായ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ കൊച്ചിയിലെ സന്നദ്ധപ്രവര്‍ത്തകയായ ഡോ. മേരി അനിതയെത്തി. ശിശുക്ഷേമ സമിതി വഴിയാണ് കുഞ്ഞ് ഡോക്ടറമ്മയുടെ അടുത്തെത്തിയത്.

ആറ് മാസം പ്രായമുള്ളപ്പോഴാണ് എല്‍ഡിന്‍ പെറ്റമ്മയെ പിരിഞ്ഞത്. കൊവിഡ് പൊസീറ്റിവായ മാതാപിതാക്കളില്‍ നിന്ന് കൊച്ചി സ്വദേശി ഡോ. മേരി അനിത കുഞ്ഞിനെ ഏറ്റെടുത്തു. ഉണ്ണി എന്ന് പേരിട്ട് അവര്‍ അവനെ നെഞ്ചോട് ചേര്‍ത്തു.

കുറവുകളൊന്നും അറിയിക്കാതെ ഒരു മാസം വളര്‍ത്തി. രോഗമുക്തരായി അമ്മ ഷീനയും, അച്ഛന്‍ എല്‍ദോസും കുഞ്ഞിനെ തിരികെ കൊണ്ടുപോകാനായി എത്തി. അവിചാരിതമായി പിരിയേണ്ടി വന്ന പൊന്നുമകനെ കണ്ടതും അമ്മ ഷീന വാരിയെടുക്കാനായെത്തി. ആദ്യമൊന്ന് സംശയിച്ചെങ്കിലും മാസ്‌ക് നീക്കിയതോടെ അമ്മയെ നോക്കി ഉണ്ണി പുഞ്ചിരിച്ചു. ഒരു മാസം കണ്‍മണിയായി നോക്കി വളര്‍ത്തിയ മകനെ പിരിയുന്ന പോറ്റമ്മയും വിതുമ്പിപ്പോയി. കളിച്ചും ചിരിച്ചും കൂടെ ഉണ്ടായിരുന്ന കുഞ്ഞിനെ പിരിയാനാകാതെ മേരി അനിത. ഉണ്ണിയെ കുഞ്ഞ് അനിയനായി കണ്ട മേരി അനിതയുടെ മൂന്ന് മക്കളും അവനെ പിരിയാനാകാതെ പൊട്ടിക്കരഞ്ഞു.

ഹരിയാനയില്‍ നഴ്‌സുമാരാണ് എല്‍ദോസ്സും ഷീനയും. കൊവിഡ് പൊസീറ്റിവായതോടെ അച്ഛനും അമ്മയും മൂന്ന് മക്കളും അഞ്ചിടങ്ങളിലായി. വേര്‍പിരിയലിന്റെ ആ ദിവസങ്ങളെ അവര്‍ അതിജീവിച്ചു. സാമൂഹിക അകലം പാലിക്കേണ്ട ഈ കൊവിഡ് കാലത്താണ് സ്‌നേഹത്തിന്റേയും കരുതലിന്റേയും ഈ ചേര്‍ത്തുപിടിക്കലിന്റെ കാഴ്ചയും വേറിട്ടുനില്‍ക്കുന്നു.

SHARE