കോവിഡിന് കുറവില്ല; ഒമാനില്‍ വീണ്ടും ലോക്ഡൗണ്‍


മസ്‌കത്ത്: കോവിഡ് 19 വ്യാപനം അനിയന്ത്രിതമായ പശ്ചാത്തലത്തില്‍ ഒമാന്‍ വീണ്ടും ലോക്ഡൗണിലേക്ക്. ജൂലൈ 25 മുതല്‍ 15 ദിവസത്തേക്ക് മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടുന്നതിന് സുപ്രീം കമ്മിറ്റി തീരുമാനമെടുത്തു. ഗവര്‍ണറേറ്റുകള്‍ക്കിടയിലെ യാത്രാ വിലക്ക് വീണ്ടും പ്രാബല്യത്തില്‍ വരും.
പൊതുസ്ഥലങ്ങള്‍ അടച്ചിടും. പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരം ഉണ്ടാകില്ല. പെരുന്നാളിനോടനുബന്ധിച്ചുള്ള പരമ്പരാഗത മാര്‍ക്കറ്റുകളും ഇത്തവണ ഒഴിവാക്കി. ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ഒത്തു ചേരുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ മസ്‌കത്ത് ഗവര്‍ണറേറ്റ് ഉള്‍പ്പടെ നേരത്തെ രണ്ട് മാസത്തോളം ലോക്ഡൗണിലായിരുന്നു. ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ യാത്രാ വിലക്കും നിലനിന്നിരുന്നു. സലാല ഉള്‍പ്പെടുന്ന ദോഫാര്‍ ഗവര്‍ണറേറ്റും മസീറ ദ്വീപും നിലവില്‍ ലോക്ഡൗണ്‍ തുടരുകയാണ്.
ഇതിനിടെ ലോക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുകയായിരുന്നു. ചൊവ്വാഴ്ച മാത്രം 1487 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 70,000ത്തോട് അടുക്കുകയാണ്. 11 മരണങ്ങളും പുതുതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണ നിരക്ക് 337 ആയി ഉയര്‍ന്നു.

SHARE