കോവിഡ് കേസുകള്‍ കലക്ടര്‍ക്കും പ്രഖ്യാപിക്കാം; സര്‍ക്കാര്‍ തെറ്റുതിരുത്തിയതിനു നന്ദി; എം.കെ മുനീര്‍


കോഴിക്കോട്: കോവിഡ് പോസിറ്റീവ് കേസുകള്‍ ജില്ലാ കളക്ടര്‍മാര്‍ക്കും പ്രഖ്യാപിക്കാമെന്ന തീരുമാനം വന്നതോടെ സര്‍ക്കാരിന് കാര്യം മനസ്സിലായെന്ന് മുസ്‌ലിംലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ ഡോ.എം.കെ മുനീര്‍. തെറ്റ് തിരുത്തിയതിന് അഭിനന്ദനം. ഇത് ചൂണ്ടികാണിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ഇതിന് വളരെ അധികം ആക്ഷേപത്തിന് വിധേയനായി. പോരായ്മകള്‍ ചൂണ്ടികാട്ടുക എന്റെ ഉത്തരവാദിത്തമാണ്, അത് ഇനിയും നിര്‍വഹിക്കുമെന്നും എം.കെ മുനീര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം മലപ്പുറത്തെ നാല് മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയതിന് എം.കെ മുനീര്‍ എം.എല്‍.എ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിരുന്നു. പോസീറ്റീവ് കേസ് പുറത്ത് പറയാന്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വരെ കാത്ത് നില്‍ക്കേണ്ടി വന്നതിന്റെ അപകടമാണ് കുഞ്ഞിന് സംഭവിച്ചത് എന്നായിരുന്നു മുനീര്‍ പ്രതികരിച്ചത്. ഇതിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി ഏഴ് മണിക്ക് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച ശേഷം കിട്ടുന്ന റിപ്പോര്‍ട്ട് പിറ്റെ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലേ പ്രഖ്യാപിക്കൂ എന്ന കടുംപിടിത്തം അവസാനിപ്പിക്കണമെന്നും മുനീര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഇന്ന് ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചതോടെയാണ് പ്രതികരണവുമായി എം.കെ മുനീര്‍ രംഗത്തെത്തിയത്.

രോഗം സ്ഥിരീകരിച്ചാലുടന്‍ ബന്ധുക്കളുടേയും മറ്റുള്ളവരേയും അറിയാക്കാറുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ മലപ്പുറത്തെ കുട്ടിയുടെ കാര്യത്തില്‍ രോഗം സ്ഥിരീകരിച്ച് 24 മണിക്കൂറിന് ശേഷം മാത്രമാണ് ചികിത്സിച്ച ഡോക്ടറും ബന്ധുക്കളും അറിഞ്ഞത്. രോഗ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയായിരുന്നുവെന്ന് പിതാവിന്റെ പ്രതികരണവും വന്നിരുന്നു.

SHARE