കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികള്‍ക്ക് ധനസഹായം നല്‍കണം, ആശ്രിതര്‍ക്ക് തൊഴില്‍ നല്‍കണം- ഡോ.എം.കെ മുനീര്‍

ഡോ.എം.കെ മുനീര്‍:
നിരവധി പ്രവാസി മലയാളികള്‍ക്കാണ് കോവിഡ്-19 ബാധിച്ച് വിദേശത്ത് വെച്ച് ജീവന്‍ നഷ്ടപ്പെട്ടത്. നാട്ടിലുള്ള അവരുടെ ഉറ്റവര്‍ക്കാവട്ടെ, അവസാനമായി അവരുടെ മുഖം പോലും കാണാന്‍ സാധിക്കാത്ത വിധം അവരുടെ മൃത ദേഹങ്ങള്‍ അവിടങ്ങളില്‍ തന്നെ മറവ് ചെയ്യേണ്ടി വന്നു.

ഈ പ്രവാസികളുടെ കുടുംബം ഇന്ന് നിരാശ്രയരാണ്. മരണപ്പെട്ടവരില്‍ പലരും അവരവരുടെ കുടുംബങ്ങളുടെ ഏക പ്രതീക്ഷയായിരുന്നു. അവരെ സംരക്ഷിക്കാനുള്ള ഒരു പാക്കേജും ഇതുവരേയും ഇരു സര്‍ക്കാരുകളുടെയും ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഈ അവഗണന ശരിയല്ല. പ്രവാസി സമൂഹത്തിന്റെ പിന്‍ ബലത്തിലാണ് കേരളം വികസനത്തിന്റെ പടവുകള്‍ കയറിയത്. അത് കൊണ്ട് ഈ കുടുംബങ്ങളെ സംരക്ഷിക്കല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം അടിയന്തിര ധന സഹായമായി നല്‍കി അവരുടെ കുടുംബത്തിന് ആശ്വാസം നല്‍കണമെന്നും പ്രവാസി പുനരധിവാസ പാക്കേജുകളില്‍ ഉള്‍പ്പെടുത്തി അവരുടെ ആശ്രിതര്‍ക്ക് തൊഴില്‍ നല്‍കണമെന്നും സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയാണ്. ഇക്കാര്യത്തില്‍ അലംബാവം ഉണ്ടാവരുത്.

അതോടൊപ്പം ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ. കേരളത്തിലെ മലയാളികളുടെ മാത്രം മുഖ്യമന്ത്രിയല്ല ശ്രി. പിണറായി വിജയന്‍. ഇവിടെയുള്ള മലയാളികളുടെ മാത്രം സുരക്ഷയാവരുത് ഒരു സര്‍ക്കാരിന്റെ ലക്ഷ്യവും. ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് പുറം നാടുകളില്‍ കുടുങ്ങിയ പ്രവാസികളായ മലയാളികളടക്കമുള്ളവരെ കഴിയും വിധം നാട്ടിലേക്ക് അടുപ്പിക്കാതെ അകറ്റി നിറുത്താനുള്ള നീക്കമാണ്. നാട്ടില്‍ കോവിഡ് -19 നിയന്ത്രിച്ചു നിറുത്തിയത് പോലെ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ആളുകളെത്തിയാലും ഇതേ നിയന്ത്രണം വരുത്താന്‍ നമുക്ക് സാധിക്കുമ്പോള്‍ മാത്രമാണ് ആരോഗ്യരംഗത്ത് വിജയം കൈവരിച്ചുവെന്ന് പറയാന്‍ സാധിക്കുക.ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കാല്‍ നടയായി നടന്നു വരേണ്ട അവസ്ഥയുണ്ടായതും ഇതു മൂലമാണ്. അത് കൊണ്ട് തന്നെ പുറം നാടുകളില്‍ വെച്ച് മരണപ്പെട്ട നിരവധി മലയാളികളുടെ മരണത്തിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈ കഴുകി മാറാനാവില്ല.

നമ്മുടെ നാട്ടിലെ ചികിത്സാ സൗകര്യങ്ങള്‍ എല്ലാ മലയാളികള്‍ക്കും ഒരു പോലെ അവകാശപ്പെട്ടതാണ്. ഈ വിഷയത്തില്‍ ഇരു സര്‍ക്കാരുകളും പുലര്‍ത്തുന്ന നിസ്സംഗത അത്ര നിഷ്‌ക്കളങ്കമല്ല. മന:പ്പൂര്‍വ്വമായ അവഗണനയാണ്. ഗര്‍ഭിണികളും രോഗികളുമായ അത്യാവശ്യക്കാരായ നിരവധി പ്രവാസികള്‍ നാട്ടിലെത്താന്‍ കഴിയാതെ വിഷമിക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനമായ കേളത്തിലേക്ക് മതിയായ വിമാന സര്‍വ്വീസ് ഉറപ്പുവരുത്താന്‍ ഇതു വരേയും കഴിഞ്ഞിട്ടില്ല. നിലവിലെ തോതനുസരിച്ച് നാട്ടിലേക്ക് അടിയന്തിരമായി വരാന്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ക്ക് പോലും തങ്ങളുടെ ഊഴം വരാന്‍ ഇനിയും അനന്തമായി മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഈ സന്ദര്‍ഭത്തില്‍ വിമാന സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രത്തിനു മേല്‍ സമ്മര്‍ദ്ധം ചൊലുത്തേണ്ട ബാധ്യത കേരളാ സര്‍ക്കാരിനുണ്ട്.

നാടണയും വരെയും വന്നതിന് ശേഷവും ഈ സഹോദരങ്ങളുടെ കൂടെ നില്‍ക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം.

SHARE