മഷ്‌റഫെ മുര്‍താസെക്ക് കോവിഡ് സ്ഥിരീകരിച്ചു


മുന്‍ ബംഗ്ലാദേശ് നായകന്‍ മഷറഫെ മുര്‍താസക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി താരത്തിന് പനി പിടിപെട്ടതിനു പിന്നാലെ നടത്തിയ ടെസ്റ്റിലാണ് കൊവിഡ് ബാധയെപ്പറ്റി വ്യക്തമായത്. ഇന്ന് പുലര്‍ച്ചെയാണ് ടെസ്റ്റ് റിസല്‍ട്ട് വന്നത്. താരത്തിന്റെ നില തൃപ്തികരമാണെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിക്കറ്റ് ലോകത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ രാജ്യാന്തര താരമാണ് മുര്‍താസ. നേരത്തെ, മുന്‍ പാക് താരം ഷാഹിദ് അഫ്രീദിക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.

പരിക്കുകള്‍ വേട്ടയാടിയ കരിയറാണെങ്കിലും പല സമയങ്ങളിയായി ബംഗ്ലാദേശിനെ നയിച്ച മുര്‍താസയാണ് രാജ്യത്തിനു ലഭിച്ച ഏറ്റവും മികച്ച ക്യാപ്റ്റന്‍. മൊര്‍താസയുടെ കീഴില്‍ 88 ഏകദിന മത്സരങ്ങളില്‍ 50 എണ്ണത്തിലും 28 ടി-20കളില്‍ 10 എണ്ണത്തിലും ബംഗ്ലാദേശ് വിജയിച്ചു. ഒരു ടെസ്റ്റ് മത്സരത്തില്‍ ടീമിനെ നയിച്ച മൊര്‍താസ ആ മത്സരത്തിലും ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചു.

രാജ്യത്തിനായി 36 ടെസ്റ്റ് മത്സരങ്ങളിലും 220 ഏകദിന മത്സരങ്ങളിലും 54 ടി-20കളിലും രാജ്യത്തിനായി കളിച്ചിട്ടുണ്ട്. യഥാക്രമം 78, 270, 42 എന്നിങ്ങനെയാണ് താരത്തിന്റെ വിക്കറ്റ് വേട്ട. വാലറ്റത്തില്‍ ബാറ്റ് കൊണ്ടും താരം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

SHARE