മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ജുമുഅയില്‍ പങ്കെടുത്തവര്‍ക്കെതിരെ മാറാട് പൊലീസ് കേസെടുത്തു

കോഴിക്കോട്: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു നടത്തിയ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ മാറാട് പൊലിസ് കേസെടുത്തു. ജുമുഅയില്‍ പങ്കെടുത്ത 98 പേര്‍ക്കെതിരെയാണ് കേസ്. കോവിഡ് മാര്‍ഗ നിര്‍ദേശ പ്രകാരം പള്ളികളില്‍ 100 ആളുകള്‍ വരെ സാമൂഹിക അകലം പാലിച്ച് ജുമുഅയില്‍ പങ്കെടുക്കാം. ഈ നിബന്ധന നിലനില്‍ക്കെയാണ് ജുമുഅയില്‍ പങ്കെടുത്ത 98 പേര്‍ക്കെതിരെയുള്ള കേസ്.

കഴിഞ്ഞ 17ന് ജുമുഅയില്‍ പങ്കെടുത്ത ഒരു വ്യക്തിക്ക് 22ാം തീയതി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതാണ് കേസെടുത്തതിനുള്ള കാരണം. എന്നാല്‍ 17ന് നടന്ന ജുമുഅ നമസ്‌കാരത്തില്‍ നിയമപരമായി ഇദ്ദേഹത്തിന് പങ്കെടുക്കാതിരിക്കാന്‍ ഒരു കാരണവും ഇല്ലായിരുന്നു. രോഗലക്ഷണമോ ക്വാറന്റീനില്‍ കഴിയേണ്ട സ്ഥിതിയോ ഉണ്ടായിരുന്നില്ല.

തെര്‍മല്‍ സ്‌കാനിങ്, സാമൂഹിക അകലം, പേരുവിവരങ്ങള്‍ ചേര്‍ക്കല്‍ തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും ജുമുഅയില്‍ പാലിച്ചിരുന്നുതായി ഖതീബ് ത്വാഹാ യമാനി പറയുന്നു. കോഴിക്കോട് ജില്ലയില്‍ നിസ്‌കാരത്തിനു പള്ളയില്‍ ഒരുമിച്ച്കൂടാവുന്നവരുടെ എണ്ണം 20 ആക്കിയതും പിന്നീട് 40 ആക്കി ഉയര്‍ത്തിയതുമൊക്കെ ഇതിനു ശേഷമാണ്.

കൊവിഡ് പോസ്റ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ നാലു ദിവസം മുമ്പെ നടന്ന ജമുഅയുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ഇവിടെ കണ്ടൈമെന്റ് സോണായി മാറുകയും പള്ളിയില്‍ നിസ്‌കാരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

SHARE