മലപ്പുറത്ത് നാലുമാസം പ്രായമായ കുഞ്ഞിന് കോവിഡ്; രോഗം പകര്‍ന്നത് എങ്ങനെയെന്ന് വ്യക്തമല്ല


തിരുവനന്തപുരം: സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ 4 മാസം പ്രായമായ കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു.ഹൃദ്രോഗം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്. കുട്ടിക്ക് വൈറസ് ബാധയേല്‍ക്കാനുണ്ടായ കാരണം അവ്യക്തമാണെന്നും പരിശോധിച്ച് വരികയാണെന്ന് ഡിഎംഒ അറിയിച്ചു. അതേ സമയം കോഴിക്കോട് രോഗം സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. നേരത്തെ കൊവിഡ് ബാധിച്ച എടച്ചേരി സ്വദേശിയെ ചികിത്സിച്ചത് ഇവരായിരുന്നു.

റെഡ് സോണിലുള്‍പ്പെട്ട ജില്ലയായ മലപ്പുറത്ത് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ പൊലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ നിരത്തിലിറങ്ങുന്ന ജനങ്ങളെ തടയുന്ന കൂട്ടത്തില്‍ ചില ആരോഗ്യ വകുപ്പ് ജീവനക്കാരെയും പൊലീസ് തടഞ്ഞിട്ടുണ്ട്. ഇത് പാടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേ സമയം ഇന്ന് സംസ്ഥാനത്ത് 11 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ കണ്ണൂരില്‍ ഏഴ് പേര്‍, കോഴിക്കോട് രണ്ട്, കോട്ടയം മലപ്പുറം ഒന്ന് വീതവുമാണ് രോഗികള്‍. ഒരാളുടെ പരിശോധനാ ഫലം മാത്രമാണ് ഇന്ന് നെഗറ്റീവായത്. 437 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതില്‍ 127 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

SHARE