മലപ്പുറത്ത് ഒരാള്‍ക്കു കൂടി കോവിഡ് രോഗം മുക്തമായി


മലപ്പുറം: ജില്ലയില്‍ കോവിഡ് 19 ബാധിച്ച് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തനായ ഒരാള്‍ കൂടി ഏപ്രില്‍ 9ന് വീട്ടിലേക്കു മടങ്ങുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശി പന്നിക്കോര മുസ്തഫ (46) യാണ് രോഗമുക്തി നേടിയത്. രാവിലെ 10 മണിക്ക് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യും. പൂര്‍ണ്ണ ആരോഗ്യവാനായാണ് ജില്ലയില്‍ രോഗമുക്തനായ രണ്ടാമത്തെയാളും ആശുപത്രി വിടുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു.

മാര്‍ച്ച് 28 നാണ് മുസ്തഫയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 21ന് ദുബായില്‍ നിന്നാണ് ഇയാള്‍ ജില്ലയിലെത്തിയിരുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ 23ന് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെത്തി സാമ്പിള്‍ നല്‍കി. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 28ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് മാതൃകാപരമായ സമീപനമാണ് ഇയാള്‍ കൈക്കൊണ്ടിരുന്നത്. ചികിത്സയോടും നല്ല രീതിയില്‍ തന്നെ സഹകരിച്ചു. ആരോഗ്യ വകുപ്പിന്റേയും മറ്റു വകുപ്പുകളുടേയും നേതൃത്വത്തില്‍ ജില്ലയില്‍ തുടരുന്ന കൂട്ടായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ വിജയമാണിതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

SHARE