സമ്പര്‍ക്കത്തിലൂടെ രോഗം; സാമൂഹ്യ വ്യാപന ആശങ്കയില്‍ മലപ്പുറം ജില്ല


മലപ്പുറം: സാമൂഹ്യ വ്യാപന ആശങ്കയില്‍ മലപ്പുറം ജില്ല. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ നാലു പഞ്ചായത്തുകളും പൊന്നാനിയിലെ 47 വാര്‍ഡുകളും, പുല്‍പ്പറ്റ പഞ്ചായത്തിലെ ഏഴാം വാര്‍ഡും കണ്ടോണ്‍മെന്റ് സോണുകളാക്കി മാറ്റി.

എടപ്പാള്‍ ശുകപുരം ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം കണ്ണഞ്ചിറ സ്വദേശി, ഇതേ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ്മാരായ എടപ്പാള്‍ തുയ്യംപാലം സ്വദേശിനി, വട്ടംകുളം ശുകപുരം സ്വദേശിനി, എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം ശുകപുരം സ്വദേശി, സ്റ്റാഫ് നഴ്‌സ് എടപ്പാള്‍ പൊറൂക്കര സ്വദേശിനി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയാണ് രോഗബാധ കണ്ടെത്തിയത്. എന്നാല്‍ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് സാമൂഹ്യ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വട്ടംകുളം, എടപ്പാള്‍, മാറഞ്ചേരി, ആലങ്കോട് പഞ്ചായത്തുകള്‍ പൂര്‍ണമായും പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ 1, 2, 3, 50,51 വാര്‍ഡുകളൊഴികെയുള്ള 47 വാര്‍ഡുകളും ,പുല്‍പ്പറ്റ പഞ്ചായത്തിലെ ഏഴാം വാര്‍ഡും കണ്ടെയ്മെന്റു സോണുകളാക്കി മാറ്റി.

നിലവില്‍ സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചിട്ടില്ലങ്കിലും ജില്ലയില്‍ രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ആളുകള്‍ അനാവശ്യമായി പുറത്ത് ഇറങ്ങുന്നതും, കൂട്ടം കൂടന്നതും ഒഴിവാക്കാനും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്, കണ്ടയ്ന്മെന്റ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്ശനമാക്കുകയും ചെയ്തു. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 466 ആയി. 224 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.