ലോക്ക്ഡൗണ്‍ ഇളവ്; ബാര്‍ബര്‍ ഷോപ്പുകള്‍ ആഴ്ചയില്‍ രണ്ടു ദിവസം തുറക്കാം

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ബാര്‍ബര്‍ ഷോപ്പുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. അടുത്തയാഴ്ച മുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം തുറക്കാനാണ് അനുമതി നല്‍കിയത്. ശനി, ഞായര്‍ ദിവസങ്ങളിലാണ് അനുമതി.

എന്നാല്‍ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് ഇളവില്ല. അവ അടഞ്ഞുതന്നെ കിടക്കും. നേരത്തെ കയര്‍, കശുവണ്ടി, മത്സ്യബന്ധനം, ബീഡി, കൈത്തറി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്കും ഇളവ് അനുവദിക്കും. കള്ള് ചെത്തിന് തെങ്ങൊരുക്കാനും അനുമതിയുണ്ട്. ശുചീകരണത്തിനായി എല്ലാ കടകളും ഒരു ദിവസം തുറക്കാന്‍ അനുമതി നല്‍കും.

അതേസമയം, കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിച്ച സര്‍ക്കാര്‍ ഈ നാല് മേഖലകളിലും ഇളവുകള്‍ വ്യത്യസ്തമായിരിക്കുമെന്നും അറിയിച്ചിരുന്നു. മലപ്പുറം, കാസര്‍കോട് കണ്ണൂര്‍ കോഴിക്കോട് മലപ്പുറം എന്നീ ജില്ലകള്‍ അതിതീവ്ര മേഖലയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ കര്‍ശന നിയന്ത്രണമാകും നടപ്പാക്കുക. പത്തനംതിട്ട കൊല്ലം എറണാകുളം ജില്ലകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക സോണില്‍ ഇളവുകള്‍ 24 ന് ശേഷമാകും ഉണ്ടാവുക.

SHARE