ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം


കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 20 മുതല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ഒറ്റ, ഇരട്ട നമ്പര്‍ ക്രമീകരണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഒറ്റ, ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുകളുള്ള വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടാന്‍ അനുവദിക്കുന്ന രീതിയാണിത്. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവുണ്ടാകും.

രോഗ വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന്, നാല് മേഖലകളില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ (തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, വയനാട്, കോട്ടയം, ഇടുക്കി) 20 നു ശേഷം ഇളവുകള്‍ ബാധകമാകും. രണ്ടാം മേഖലയിലെ ജില്ലകളില്‍ (പത്തനംതിട്ട, എറണാകുളം, കൊല്ലം) 24വരെ നിയന്ത്രണം തുടരും.

ഒറ്റ, ഇരട്ട അക്ക നമ്പര്‍ ക്രമീകരണം

അന്തരീക്ഷ മലീനികരണത്തിന്റെ തോത് അപകടകരമായി വര്‍ധിക്കുകയും അത് ജനജീവിതത്തെ ബാധിക്കുകയും ചെയ്തപ്പോള്‍ ഡല്‍ഹിയിലാണ് ആദ്യമായി ഒറ്റ ഇരട്ട നമ്പര്‍ ക്രമീകരണം കൊണ്ടുവന്നത്. 2016 ജനുവരിയിലാണ് ന്യൂഡല്‍ഹിയില്‍ ഒറ്റ – ഇരട്ട അക്ക വാഹന നിയന്ത്രണം പരീക്ഷിച്ചത്. വിജയമായതിനാല്‍ ആ വര്‍ഷം ഏപ്രില്‍ 15 മുതല്‍ 30 വരെ വീണ്ടും പരീക്ഷിച്ചു. ഒറ്റ സംഖ്യ തീയതികളില്‍ ഒറ്റ സംഖ്യയില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങളും ഇരട്ട സംഖ്യ തീയതികളില്‍ ഇരട്ട സംഖ്യയില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്കുമായിരുന്നു റോഡിലിറങ്ങാന്‍ അനുമതി. ഞായറൊഴികെ എല്ലാ ദിവസവും രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയായിരുന്നു നിയന്ത്രണം. ഇതേ രീതി തന്നെയാണ് കേരളത്തിലും കൊണ്ടുവരിക എന്നാണ് പ്രതീക്ഷിക്കുന്നത്.

SHARE