രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണിലായിട്ട് 50 നാള്‍


രാജ്യത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കിയിട്ടി ഇന്നേക്ക് 50 ദിവസമായി. ലോക്ക്ഡൗണ്‍ നടപ്പാക്കിയതു കാരണം രാജ്യത്തെ സുരക്ഷിതമാക്കാനും കോവിഡ് പോരാട്ടത്തോട് സജ്ജമാക്കാനും ആയി എന്നതാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ രാജ്യത്തെ കോവിഡ് കണക്കുകള്‍ ഈ വാദത്തെ സാധൂകരിക്കുന്നില്ല. മാര്‍ച്ച് 22 ന് ജനത കര്‍ഫ്യുവായിട്ടായിരുന്നു തുടക്കം. രാജ്യത്തെ പാകപ്പെടുത്താനും സാഹചര്യം പരിശോധിക്കാനുമുള്ള ആദ്യപടി. അന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍ 510 ഉം മരണം 10 ഉം. പിന്നാലെ മാര്‍ച്ച് 24ന് ലോക്ക്ഡൗണ്‍ പ്രഖ്യാപനവുമായി പ്രധാനമന്ത്രി എത്തി.

സമ്പര്‍ക്ക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ശുചിത്വം പാലിക്കാനും ജനം പഠിച്ചു. അടച്ചുപൂട്ടല്‍ ഫലപ്രദമെന്ന് സര്‍ക്കാര്‍ വിലയിരുത്തി. പക്ഷെ ഏപ്രില്‍ 14ന് അടച്ചുപൂട്ടല്‍ അവസാനിക്കുമ്പോള്‍ രാജ്യത്തെ കോവിഡ് കേസുകള്‍ 11439 ലും മരണം 377 ലും എത്തി. തൊട്ടുപിന്നാലെ 19 ദിവസം നീണ്ട രണ്ടാംഘട്ട അടച്ചുപൂട്ടല്‍ പ്രഖ്യാപനമെത്തി. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 3 ദിവസത്തില്‍ നിന്ന് 12 ദിവസത്തിലേക്ക് എത്തിക്കാനായി എന്ന് ആരോഗ്യ മന്ത്രാലയം ആത്മവിശ്വാസത്തോടെ ആവര്‍ത്തിച്ചു.സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനങ്ങള്‍ ഞെരുങ്ങി.

രണ്ടാംഘട്ടം അവസാനിക്കുമ്പോള്‍ രോഗബാധിതര്‍ 39980 ഉം മരണം 1301 ആയി. രോഗം ശക്തമായി തുടരുമ്പോഴും സാമ്പത്തിക ചക്രം ചലിപ്പിക്കാന്‍ ഇളവുകളോടെ 14 ദിവസത്തെ മൂന്നാംഘട്ട അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു. ജില്ലകള്‍ക്ക് മൂന്നു നിറങ്ങള്‍ നല്‍കി തരംതിരിച്ചു. അപകട മേഖലയായ ചുവപ്പ് സോണില്‍ ഓറഞ്ച്, പച്ച സോണുകള്‍ക്ക് സമാനമായി വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കി. ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. മൂന്നാം ഘട്ടം ഇന്നു വരെ എത്തി നില്‍ക്കുമ്പോള്‍ അനുദിനം രോഗം സ്ഥിരീകരിക്കുന്നവര്‍ 3000 മുകളിലാണ്. ദിനംപ്രതിയുള്ള മരണം നൂറിനടുത്തെത്തി. രോഗം ഇരട്ടിക്കുന്നത് 12 ല്‍ നിന്ന് 10 ദിവസത്തിലേക്ക് താഴ്ന്നു.

ഇനി നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. കോവിഡിനെ പ്രതിരോധിച്ച് ജീവിക്കാന്‍ പഠിപ്പിക്കുന്ന പുത്തന്‍ രീതിയിലുള്ള അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ് രാജ്യം.

SHARE