സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച മൂന്നുപേര്‍ വ്യാഴാഴ്ച വിദേശത്തു നിന്നെത്തിയവര്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വ്യാഴാഴ്ച വിദേശത്തു നിന്നെത്തിയവര്‍. അബുദാബി-കൊച്ചി വിമാനത്തില്‍ വന്ന തൃശൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് രോഗം. എറണാകുളം, വയനാട് ജില്ലകളിലെ ഓരോ രോഗികള്‍ ചെന്നൈയില്‍ നിന്നു വന്നതാണ്.

എറണാകുളത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള യുവതിയുടെ (30) മകനാണ് (5) ഇന്നു രോഗം സ്ഥിരീകരിച്ചത്. മകനെ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ചെന്നൈയില്‍ നിന്ന് എത്തിയവരാണ് ഇവര്‍. കുട്ടിയുമായി അടുത്ത് ഇടപഴകിയ 3 പേരെയും കളമശേരി മെഡിക്കല്‍ കോളജിലേക്കു നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ട്.

വയനാട്ടില്‍ ഇന്നു കോവിഡ് സ്ഥിരീകരിച്ച മറ്റ് 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. കോയമ്പേട് മാര്‍ക്കറ്റില്‍ പോയി തിരിച്ചുവന്ന ട്രക്ക് ഡ്രൈവറുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ് ഇവര്‍. ഇതോടെ, ജില്ലയില്‍ കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7 ആയി. ആകെ രോഗബാധിതരുടെ എണ്ണം 10. ഇതില്‍ 3 പേര്‍ രോഗമുക്തരായി.

SHARE