സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി


സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം സ്വദേശിനിയായ മീനാക്ഷി അമ്മാള്‍ (73) ആണ് മരണപ്പെട്ടത്. മിനിഞ്ഞാന്ന് രാത്രി 10.30ഓടെയായിരുന്നു മരണം. ചെന്നൈയില്‍ മകനോടൊപ്പം താമസിച്ചിരുന്ന ഇവര്‍ കഴിഞ്ഞ മാസം 25നാണ് നാട്ടിലെത്തിയത്.

സഹോദരനോടും കൊച്ചുമകനോടുമൊപ്പം ഒരു കാറിലാണ് ഇവര്‍ എത്തിയത്. ഇവര്‍ മണ്ണംപറ്റയിലെ സഹോദരന്റെ വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. നാട്ടിലേക്കെത്തുമ്പോള്‍ തന്നെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്ന ഇവര്‍ക്ക് ആദ്യം നടത്തിയ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായിരുന്നു. ഇതേ തുടര്‍ന്ന് ഇവരോട് വീട്ടില്‍ നിരീക്ഷണം തുടരാന്‍ നിര്‍ദ്ദേശിച്ചു.

തുടര്‍ന്ന് 28ന് പനി അധികമാവുകയും മൂത്രാശയ സംബന്ധമായ രോഗമുണ്ടാവുകയും ചെയ്തു. പ്രമേഹ രോഗി കൂടിയാണ് മീനാക്ഷി അമ്മാള്‍. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെയായിരുന്നു മരണം.

ഇവരോടൊപ്പം നാട്ടിലെത്തിയ കൊച്ചുമകനും പനിയുണ്ട്. ഇയാളും ആശുപത്രിയിലാണ്. മരണം സംഭവിക്കുന്നതിനു മുന്‍പുള്ള പരിശോധനാഫലം നെഗറ്റീവായിരുന്നു. മരണപ്പെട്ടതിനു ശേഷം വീണ്ടും പരിശോധന നടത്തുകയും പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയിരുന്നു എന്ന് മനസ്സിലാവുകയും ചെയ്തു. മൃതദേഹം ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

SHARE