കാസര്‍കോട് വരനും വധുവിനും അടക്കം വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ്


കാസര്‍ഗോഡ് : ചെങ്കള പഞ്ചായത്തിലെ പീലാംകട്ടയില്‍ ജൂലൈ 17 ന് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. വധുവിനും വരനും അടക്കം 43 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ചെര്‍ക്കള സ്‌കൂളില്‍ നടന്ന ആന്റിജന്‍ പരിശോധനാ ക്യാമ്ബിലാണ് എല്ലാവര്‍ക്കും കൊവിഡ് രോഗം കണ്ടെത്തിയത്.ഈ വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയേണ്ടതും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കൊവിഡ് നിര്‍വ്യാപന മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രണ്ടു വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് പ്രസ്തുത നിയമപ്രകാരം കേസെടുക്കാനും ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ബാബു പോലീസിന് നിര്‍ദ്ദേശം നല്‍കി. ഇന്നു തന്നെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇപ്രകാരം ജനങ്ങള്‍ കൂടുതല്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളും പൂര്‍ണമായി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

SHARE