സ്വിമ്മിങ് പൂളില്‍ നീന്തിത്തുടിച്ച് കര്‍ണാടകയിലെ കോവിഡ് ചുമതലയുള്ള മന്ത്രി


ബെംഗളൂരു: ലോക്ക്ഡൗണില്‍ കുട്ടികള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ ചെലവഴിക്കുന്ന ചിത്രം പങ്കുവെച്ച കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ സുധാകര്‍ വിവാദത്തില്‍. കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മന്ത്രിയായ സുധാകര്‍ ഞായാറാഴ്ചയാണ് മക്കള്‍ക്കൊപ്പം പൂളില്‍ ചെലവഴിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് വിവാദമായതോടെ മന്ത്രി ചിത്രം ഡിലീറ്റ് ചെയ്തിരുന്നു.

മന്ത്രിയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രം?ഗത്തെത്തി. സംസ്ഥാനത്തെ കോവിഡ് റെസ്പോണ്‍സ് ടീമിന്റെ ചാര്‍ജ് വഹിക്കുന്ന മന്ത്രി കെ സുധാകര്‍ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ വിമര്‍ശിച്ചു.

ലോകത്ത് എല്ലാവരും വലിയ ആരോഗ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കോവിഡ് ചാര്‍ജുള്ള മന്ത്രി സ്വിമ്മിങ് പൂളില്‍ സമയം ചെലവഴിച്ച് നിരുത്തരവാദപരമായി പെരുമാറുകയാണ്. ഇത് ധാര്‍മികതയെ ബാധിക്കുന്ന വിഷയമാണ്. മന്ത്രിസഭയില്‍ നിന്ന് സുധാകര്‍ രാജിവെക്കണമെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ സഭയില്‍ നിന്ന് പുറത്താക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ശിവകുമാര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

SHARE