കോവിഡ് വൈറസ് തങ്ങളുടെ സൃഷ്ടിയല്ല; തെറ്റിദ്ധാരണ പരത്തുന്നത് അവസാനിപ്പിക്കണം: ചൈന


ന്യൂഡല്‍ഹി: തങ്ങള്‍ കൊറോണ വൈറസിനെ നിര്‍മ്മിക്കുകയോ മനപൂര്‍വ്വം കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ചൈന. ചൈനീസ് വൈറസ്, വുഹാന്‍ വൈറസ് എന്നീ പ്രയോഗങ്ങള്‍ തെറ്റാണെന്നും ചൈന വ്യക്തമാക്കി.

ചൈനീസ് ജനതയെ ആക്ഷേപിക്കുന്നതിന് പകരം പകര്‍ച്ചവ്യാധിയോട് ചൈന എങ്ങനെയാണ് വളരെവേഗത്തില്‍ പ്രതികരിച്ചെന്ന് അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കണമെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി റോംഗ് പറഞ്ഞു.

പകര്‍ച്ചവ്യാധിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ചൈനയെ വിവിധരീതിയില്‍ സാഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ അഭിനന്ദിക്കുന്നതായും തങ്ങളുടെ നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചൈനയുടെ ശ്രമങ്ങളെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ മഴുവന്‍ മനുഷ്യസമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതില്‍ ചൈനീസ് ജനങ്ങള്‍ ചെയ്ത വലിയ ത്യാഗങ്ങളെ അവഗണിക്കുകയാണ് ചെയ്യുന്നത്,” ചൈനയെയും വുഹാനെയും വൈറസുമായി ബന്ധിപ്പിക്കുന്നത് തിരുത്തണമെന്ന ലോകാരോഗ്യ സംഘടന പറഞ്ഞത് ചൂണ്ടിക്കാട്ടി റോംഗ് പറഞ്ഞു.

ചൈനയിലെ വുഹാനിലാണ് ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ചൈനയാണ് കൊവിഡ് 19 ന്റെ സ്രോതസ് എന്നതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറിന്റെ ഉത്ഭവത്തെക്കുറിച്ച് ശാസ്ത്രീയമായ വിലയിരുത്തല്‍ ആവശ്യമാണെന്ന് റോംഗ് കൂട്ടിച്ചേര്‍ത്തു.

‘ചൈന വൈറസ് സൃഷ്ടിക്കുകയോ മനപൂര്‍വ്വം പകരുകയോ ചെയ്തിട്ടില്ല. ചൈനീസ് വൈറസ്’ എന്ന് വിളിക്കുന്നത് തികച്ചും തെറ്റാണ്, അദ്ദേഹം പറഞ്ഞു.

ഇന്ത്യയും മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് ചൈന പകര്‍ച്ചവ്യാധിയോട് പോരാടുന്നത് തുടരും. ജി 20, ബ്രിക്സ് തുടങ്ങിയ ബഹുമുഖ പ്ലാറ്റ്ഫോമുകളില്‍ സഹകരണം വര്‍ദ്ധിപ്പിച്ച്, ആഗോള വെല്ലുവിളികളെ മികച്ച രീതിയില്‍ നേരിടുന്നതിനും എല്ലാ മനുഷ്യരുടെയും ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനും തങ്ങളുടെ അറിവും ശക്തിയും സംഭാവന ചെയ്യുമെന്നും റോംഗ് വ്യക്തമാക്കി.

അതേസമയം, കൊവിഡ്19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 20000 കടന്നു. 21000 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

SHARE