തെഹ്രാന്‍: കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഇറാന്‍. മാര്‍ച്ചിലെ രൂക്ഷമായ കൊവിഡ് വ്യാപനത്തിലേക്കാണ് ഇറാന്‍ നീങ്ങുന്നതെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ബുധനാഴ്ച മാത്രം 3134 കൊവിഡ് കേസുകളാണ് ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചത്തേക്കാള്‍ 50 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഏപ്രില്‍ 10 ന് ശേഷം ആദ്യമായാണ് ഇറാനിലെ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത്.
ഇതോടെ ഇറാനില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,60696 ആയി. 8000 ത്തിലേറെ മരണങ്ങളാണ് ജൂണ്‍ നാല് വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനു പിന്നാലെയാണ് ഇറാനില്‍ വീണ്ടും കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്നത്. ഏപ്രിലില്‍ 70,029 കൊവിഡ് കേസുകളായിരുന്നു ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
കൊവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക മേഖല തകര്‍ന്നതിനാലാണ് ഇറാനില്‍ വീണ്ടും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.
നിലവില്‍ ഇറാനിലെ 31 പ്രവിശ്യകളില്‍ ഒമ്പത് എണ്ണം റെഡ്സോണുകളാണെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതില്‍ അഫ്ഘാനിസ്താനും, പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സിസ്താന്‍-ബലുചിസ്താനും ഉള്‍പ്പെടുന്നു.