കോവിഡ്19; ഇറാനില്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കി


തെഹ്രാന്‍: ഇറാനില്‍ കൊവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി നടപ്പാക്കിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി പ്രസിഡന്റ് ഹസ്സന്‍ റുഹാനി. ശനിയാഴ്ചയാണ് ഭാഗികമായി വ്യവസായ സ്ഥാപനങ്ങളും കടകളും തുറക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ നടപടി ഇറാനില്‍ കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനത്തിന് കാരണമാവുമെന്നാണ് വിമര്‍ശനം ഉയരുന്നത്.

കൊവിഡ് പ്രതിരോധത്തിനായി സ്മാര്‍ട് ഡിസ്റ്റന്‍സിംഗ് നടത്തണമെന്നാണ് ഇറാന്‍ മെട്രോ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നും കഴിഞ്ഞ ഒരു മാസക്കാലമായി ഇറാനില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എടുത്ത അധ്വാനം നിയന്ത്രണങ്ങള്‍ നീക്കുന്നതിലൂടെ വെറുതെയാവുമെന്നാണ് രാജ്യത്തെ ഡോകടര്‍മാര്‍ പറയുന്നത്.

എന്നാല്‍ നിയന്ത്രണങ്ങള്‍ നീക്കാത്ത പക്ഷം വലിയ സാമ്പത്തിക തകര്‍ച്ചയാണ് പ്രസിഡന്റ് റുഹാനി മുന്നില്‍ കാണുന്നത്. ലോക്ഡൗണിനു ശേഷം 70 ലക്ഷം ജനങ്ങള്‍ക്കാണ് ഇറാനില്‍ തൊഴില്‍ നഷ്ടമായിരിക്കുന്നതെന്നാണ് കണക്കുകള്‍. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇറാനിലെ മൂന്നിലൊന്ന് ജനങ്ങള്‍ കൊവിഡിനു ശേഷം സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഏപ്രില്‍ 18 വരെയാണ് ഇറാനില്‍ പലഭാഗങ്ങളിലായി ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഇതിനിടയിലാണ് നിയന്ത്രണങ്ങളില്‍ ഭാഗികമായി ഇളവു വരുത്തിയത്.

SHARE