രാജ്യത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 386 പേര്‍ക്ക്; ആകെ 1637


ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് മാത്രം 386 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1637 ആയി.

38 പേരാണ് രാജ്യത്താകെ ഇതുവരെ രോഗബാധയില്‍ മരിച്ചത്. 132 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആദ്യ കൊവിഡ് സ്ഥിരീകരിച്ച ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇന്നാണ്. നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കാണ് കൂടുതലും രോഗം സ്ഥിരീകരിച്ചത്.

അതേസമയം കേരളത്തില്‍ ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ്-12,എറണാകുളം-3,തിരുവനന്തപുരം-2,തൃശൂര്‍-2,മലപ്പുറം-2,കണ്ണൂര്‍-2,പാലക്കാട്-1 എന്നിങ്ങനെയാണു പുതിയ കേസുകള്‍.

തിരുവനന്തപുരത്തും കോഴിക്കോടും ഓരോ പേര്‍ക്കു രോഗം മാറി. 265 പേര്‍ക്ക് ആകെ രോഗം സ്ഥിരീകരിച്ചു. 237 പേര്‍ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 9 പേര്‍ വിദേശത്തു നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1,64,130 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 1,63,508പര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ബുധനാഴ്ച മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7,965 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 7252 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

SHARE