ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ ആറായിരത്തിലേറെ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ലോകത്ത് മഹാമാരി ഏറ്റവും മോശമായി വ്യാപിച്ച പത്താമത്തെ രാജ്യമായി ഇന്ത്യ മാറി. ഇറാനെ മറികടന്നാണ് ഇന്ത്യ പത്താമത് എത്തിയത്. അമേരിക്ക, ബ്രസീല്‍, റഷ്യ, യുകെ, സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളളില്‍ ഇന്ത്യയില്‍ 6,977 കേസുകളാണു പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗം റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 1.38 ലക്ഷമായി. 24 മണിക്കൂറില്‍ 154 പേര്‍ മരിച്ചതോടെ മരണസംഖ്യ 4,000 കടന്നു.
മേയ് 25- ലെ കണക്കനുസരിച്ച് അമേരിക്കയിലാണ് ഏറ്റവും കൂടുല്‍ പേര്‍ക്കു രോഗം റിപ്പോര്‍ട്ട് ചെയ്തത് – 16,86,436. മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ് – 99,300. നിലവില്‍ 11,35,434 പേര്‍ക്കാണു രോഗമുള്ളത്. തൊട്ടുപിന്നിലുള്ള ബ്രസീലില്‍ 3,64,213 പേര്‍ക്കാണ് ആകെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 22,746 പേര്‍ മരിച്ചു. ആദ്യ പത്തു രാജ്യങ്ങളില്‍ മരണനിരക്ക് കൂടുതല്‍ ഫ്രാന്‍സിലാണ്-15.54 ശതമാനം. ആകെ രോഗം ബാധിച്ച 1,82,584 പേരില്‍ 28,367 പേര്‍ മരിച്ചു. ബെല്‍ജിയത്തില്‍ രോഗികളുടെ എണ്ണം കുറവാണെങ്കിലും മരണനിരക്ക് 16.25 ശതമാനമാണ്. 57,092 പേര്‍ക്കു രോഗം ബാധിച്ചതില്‍ 9,280 പേര്‍ മരിച്ചു. ഇറ്റലിയിലും യുകെയിലും മരണനിരക്ക് 14 ശതമാനത്തിനു മുകളിലാണ്.
പത്താമതുള്ള ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം 1,38,845 ആയി. 4,021 പേരാണു മരിച്ചത്. നിലവില്‍ 77,103 പേര്‍ക്കാണു രോഗമുള്ളത്. മരണനിരക്ക് 2.90 ശതമാനം. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെയാണു രോഗികളുടെ എണ്ണം കൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച 5242 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധന്‍ – 5,611, വെള്ളി – 6,088, ശനി – 6,654, ഞായര്‍ – 6,767 എന്നിങ്ങനെയായിരുന്നു ഓരോദിവസത്തെയുംപുതിയ രോഗികള്‍.