ന്യൂഡല്‍ഹി: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ത്യയിലെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം ആറായിരത്തിന് മുകളില്‍. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 6535 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,45,380 ആയി ഉയര്‍ന്നു. മരണസംഖ്യ 4167 ആയി. 24 മണിക്കൂറില്‍ 146 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയിലുള്ളവരില്‍ ഏതാണ്ട് പകുതിയും മഹാരാഷ്ട്രയിലാണ്. ദില്ലിയില്‍ 24 മണിക്കൂറില്‍ 635 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ രോഗബാധിതരുടെ എണ്ണം 14053 ആയി.
അതേസമയം, നാലാംഘട്ട ലോക്ഡൗണ്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്രമന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ഡൗണ്‍ തുടരേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വെള്ളിയാഴ്ചയോടെ കേന്ദ്ര തീരുമാനം വന്നേക്കും. സംസ്ഥാനങ്ങളുടെ നിലപാട് കേന്ദ്രം വീണ്ടും തേടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, തിയേറ്റര്‍, ബാറുകള്‍ തുടങ്ങിയവയാണ് ദേശീയതലത്തില്‍ ഇപ്പോഴും അടച്ചിട്ടിരിക്കുന്നത്. മെട്രോസര്‍വ്വീസ് വീണ്ടും തുടങ്ങാനുള്ള അനുമതി നല്‍കിയേക്കും. ഭൂരിപക്ഷം മേഖലകളും തുറന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുക എന്ന നിര്‍ദ്ദേശം ഉയരുന്നുണ്ട്. എന്നാല്‍ ആരോഗ്യമന്ത്രാലയം ഇതിനോട് യോജിക്കുന്നില്ല. കഴിഞ്ഞ നാല് ദിവസമായി പുതിയ കൊവിഡ് കേസുകളുടെ എണ്ണം ആറായിരത്തിലധികമാണ് കൂടുന്നത്.