ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതര്‍ 20 ലക്ഷം കടന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 55,000ത്തിന് മുകളിലായി. മഹാരാഷ്ട്രയില്‍ പതിനൊന്നായിരത്തിനും ആന്ധ്രപ്രദേശില്‍ പതിനായിരത്തിനും മുകളില്‍ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
22 ദിവസം കൊണ്ടാണ് രാജ്യത്തെ കോവിഡ് കേസുകള്‍ പത്തു ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലേക്ക് കടന്നത്. അതില്‍ അഞ്ചു ലക്ഷം പേരും രോഗബാധിതരായത് കഴിഞ്ഞ ഒമ്പതു ദിവസങ്ങള്‍ക്കുള്ളിലാണ്.
കര്‍ണ്ണാടകയില്‍ ആറായിരത്തിലേറെ പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ ആകെ കൊവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു. പശ്ചിമ ബംഗാള്‍, തെലങ്കാന, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്. ഇരുപത്തിരണ്ട് ദിവസം കൊണ്ടാണ് ആകെ രോഗികളുടെ എണ്ണം 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലെത്തുന്നത്. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 82 ശതമാനവും പത്തു സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.