കാലവര്‍ഷം കനക്കുമ്പോള്‍ ഇന്ത്യയില്‍ രണ്ടാം കോവിഡ് വ്യാപനമുണ്ടായേക്കാം; മുന്നറിയിപ്പുമായി ശാസ്ത്രലോകം


ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധയ്‌ക്കെതിരെ രാജ്യം ഒന്നായി നിന്ന് പോരാട്ടം തുടരുകയാണ്. രണ്ടാംഘട്ട ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ അവസ്ഥകളില്‍ മാറ്റം വരുമെന്നുള്ള പ്രതീക്ഷയിലാണ് ജനങ്ങള്‍. എന്നാല്‍, ഇപ്പോള്‍ പുതിയ മുന്നറയിപ്പ് ഇന്ത്യക്ക് നല്‍കിയിരിക്കുകയാണ് ശാസ്ത്രലോകം. ജൂലൈ അവസാനത്തോടെയോ അല്ലെങ്കില്‍ ഓഗസ്റ്റിലോ ഇന്ത്യയില്‍ ഒരു രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്റെ സാധ്യതയുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു.

കാലവര്‍ഷം കനക്കുമ്പോള്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ട് വയ്ക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം ശാരീരിക അകലം പാലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പാലിച്ച് എങ്ങനെ ഇന്ത്യ മുന്നോട്ട് പോകുമെന്നതിനെ അനുസരിച്ചാകും കൊവിഡിന്റെ വ്യാപനം.

ഇപ്പോള്‍ ദിസവേന കൂടി വരുന്ന കൊവിഡ് കേസുകള്‍ പതിയെ കുറഞ്ഞു തുടങ്ങും. അത് ആഴ്ചകളും മാസങ്ങളും നീണ്ടുനിന്നേക്കാമെന്ന് ശിവ്‌നാടാര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ സമിത് ഭട്ടാചാര്യ പിടിഐയോട് പറഞ്ഞു. എന്നാല്‍, ഇതിന് ശേഷം പെട്ടെന്ന് കേസുകളില്‍ ഒരുവര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പ്രഫസര്‍ രാജേഷ് സുന്ദരേശനും ഇക്കാര്യം ഊന്നിപറഞ്ഞു. കാര്യങ്ങള്‍ സാധാരണനിലയിലേക്ക് വീണ്ടും എത്തുമ്പോള്‍ കേസുകളില്‍ വര്‍ധന വന്നേക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതേസമയം, ദില്ലിയിലെ കണ്ടൈന്‍മെന്റേ് പ്രദേശത്തുള്ള ഒരു കുടുംബത്തിലെ 12 പേരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.

വ്യാഴാഴ്ചയാണ് ഇവരില്‍ രോഗബാധ സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. എല്ലാവരെയും എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം അവസാനം കുടുംബാംഗങ്ങളിലൊരാള്‍ ഉസബക്കിസ്ഥാനില്‍ നിന്നും തിരികെയെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചില്ല.

SHARE