ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം പരമാവധിയിലെത്തുക നവംബര്‍ പകുതിയോടെ മാത്രമെന്ന് ഐസിഎംആര്‍. അഞ്ച് മാസം കൂടി കൊവിഡ് വ്യാപനം ഇതേപടി രാജ്യത്ത് തുടരും എന്നും ഐസിഎംആര്‍ ഗവേഷണ സംഘം ആരോഗ്യമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി. അതേസമയം പരിശോധനകളുടെ എണ്ണം കുറയുന്നതിനെതിരെ മുന്നറിപ്പുമായ് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് ടെസ്റ്റുകളുടെ പ്രതിദിന ശരാശരി വര്‍ധിപ്പിക്കണം എന്ന് നിര്‍ദേശിച്ചു.
ലോക്ക്ഡൗണ്‍ 34 മുതല്‍ 76 ദിവസം വരെ രാജ്യത്ത് കൊവിഡ് ബാധ പരമാവധി എത്തിക്കുന്നതില്‍ വൈകിപ്പിച്ചുവെന്നാണ് ഐസിഎംആര്‍ സംഘത്തിന്റെ വിശകലനം. ലോക്ക്ഡൗണ്‍ രാജ്യത്ത് രോഗവ്യാപനം 69 മുതല്‍ 97 ശതമാനം വരെയാണ് കുറച്ചത്. ഇപ്പോഴത്തെ നിരീക്ഷണം അനുസരിച്ച് ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആകും കൊവിഡ് വ്യാപനം പരമാവധിയില്‍ എത്തുകയെന്ന മുന്‍ നിലപാട് ഐസിഎംആര്‍ ഭേദഗതിപ്പെടുത്തി. പകരം കൊവിഡ് വ്യാപനം പരമാവധിയിലെത്തുക നവംബര്‍ പകുതിയോടെയാകും. അതായത് അഞ്ച് മാസം കൂടി കൊവിഡ് വ്യാപനം രാജ്യത്ത് ഇതേപടി തുടരുമെന്നാണ് ഐസിഎംആര്‍ നല്കുന്ന മുന്നറിയിപ്പ്.