ന്യൂഡല്‍ഹി: മേയ് മൂന്നിന് ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കേ രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1463 പുതിയ കൊവിഡ് കേസുകളും 60 മരണങ്ങളുമാണ്. 24 മണിക്കൂറിനിടെ ഇത്രയും മരണം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.
രോഗവ്യാപനത്തിന് പൂര്‍ണ്ണമായും തടയിടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിലപാടിലാണ് കേരളവും മേഘാലയയും ഒഡീഷയും ഗോവയും. മേയ് 15 വരെ ഭാഗികമായി ലോക്ക് ഡൗണ്‍ നീട്ടണമെന്നതാണ് കേരളത്തിന്റെ നിലപാട്. ലോക്ക് ഡൗണ്‍ ഒരു മാസത്തേക്ക് നീട്ടണമെന്നാണ് ഒഡീഷയുടെ ആവശ്യം. എന്നാല്‍ നിയന്ത്രിതമായ ഇളവുകളോടെ ലോക്ക് ഡൗണ്‍ തുടരണമെന്നതാണ് ഗോവയുടെ നിര്‍ദ്ദേശം.