ആശ്വാസമായി പുതിയ കണക്ക്; രാജ്യത്ത് കോവിഡ് വ്യാപനനിരക്കില്‍ 40% കുറവ്


ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനനിരക്ക് 40 % കുറഞ്ഞു. മാര്‍ച്ചില്‍ ഒരാളില്‍ നിന്ന് 2.1 പേരിലേക്കെന്ന തോതില്‍ പകരാനുള്ള സാധ്യതയുണ്ടായിരുന്നെങ്കില്‍ ഏപ്രില്‍ ഒന്നിനു ശേഷം ഇത് 1.2 ആയി താഴ്ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതിന്റെ ഫലമായാണ് ഈ കുറവ്. പരിശോധന വര്‍ധിപ്പിച്ചത് ഫലം കാണുന്നതിന്റെ സൂചനയാണിതെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. രോഗലക്ഷണങ്ങളുള്ളവരിലും ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുള്ളവരിലും അടക്കം പരിശോധന വര്‍ധിപ്പിച്ചതു ഗുണകരമായി.

രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ എടുത്തിരുന്ന സമയം (ഡബ്ലിങ് റേറ്റ്) വര്‍ധിച്ചു. നേരത്തേ രോഗബാധിതര്‍ 3 ദിവസം കൊണ്ട് ഇരട്ടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 6.2 ദിവസം കൊണ്ടാണ് ഇരട്ടിയാകുന്നത്. കേരളം അടക്കം 19 സംസ്ഥാനങ്ങളില്‍ ഇതിനേക്കാള്‍ കൂടുതല്‍ ദിവസങ്ങളെടുക്കുന്നുണ്ട്. ഉത്തരാഖണ്ഡ്, ഹരിയാന, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ്, പുതുച്ചേരി, ബിഹാര്‍, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, കര്‍ണാടക, കശ്മീര്‍, പഞ്ചാബ്, അസം, ത്രിപുര എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.

രോഗമുക്തരാകുന്നതും മരിക്കുന്നവരും തമ്മിലുള്ള അനുപാതം 80:20 ആണ്. മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തില്‍ ഇന്ത്യ ഏറെ മുന്നിലാണെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.

SHARE