കോവിഡിന്റെ മറവില്‍ ഇന്ത്യയില്‍ മുസ്‌ലിംകളെ അക്രമിക്കലും വേട്ടയാടലും രൂക്ഷമാവുന്നു; രൂക്ഷ വിമര്‍ശനവുമായി അമേരിക്ക

വാഷിങ്ടണ്‍: കോവിഡിന്റെ മറവില്‍ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തെ വാക്കുകൊണ്ടും ഉപദ്രവങ്ങള്‍ കൊണ്ടും വേട്ടയാടുകയാണെന്ന് യു.എസ് നയതന്ത്രജഞന്‍. അത്തരത്തിലുള്ള നിര്‍ഭാഗ്യകരമായ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായി യു.എസ് വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ടും തെറ്റായ വിവരങ്ങള്‍ നല്‍കിയുമാണ് ഈ വേട്ടയാടലെന്നും അമേരിക്ക അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സാം ബ്രൗണ്‍ ബാക്കാണ് ഇതു സംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ചത്. കോവിഡ്19 ലോകത്താകമാനമുള്ള മതന്യൂനപക്ഷങ്ങളെ എങ്ങനെയാണ് ബാധിച്ചതെന്ന് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുന്നതിനിടെയാണ് ഇന്ത്യയിലെ അവസ്ഥയെപ്പറ്റി അദ്ദേഹം പറഞ്ഞത്.

‘ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കെതിരെ കോവിഡുമായി ബന്ധപ്പെടുത്തി പല ആക്രമണങ്ങളുമുണ്ടായി. വാക്കുകൊണ്ടും കായികമായും മുസ്‌ലിംകളെ മര്‍ദിക്കുന്ന പല റിപ്പോര്‍ട്ടുകളും കണ്ടു. സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ നല്‍കിയും തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചും ഈ മുസ്‌ലിം വിദ്വേഷം രൂക്ഷമാക്കി. കോവിഡ് പരത്തുന്നവരെന്ന് പ്രചരിപ്പിച്ച് അവരെ പല തരത്തില്‍ ആക്രമിച്ചു- സാം ബ്രൗണ്‍ ബാക്ക് പറഞ്ഞു.

നേരത്തെ ഇന്ത്യയില്‍ കോവിഡ് പരത്തുന്നത് മുസ്‌ലിംകളാണെന്ന ആരോപണത്തിനെതിരെ അറബ് രാജ്യത്തു നിന്നുള്ള വിവിധ പ്രമുഖരും മനുഷ്യാവകാശപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അമേരിക്കയും രംഗത്തെത്തിയിട്ടുള്ളത്.

SHARE