ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് കേസുകള്‍ ഒന്‍പത് ലക്ഷം കടന്നു. ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകള്‍ 906752 ആയി. 23,727 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 571,459 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 3,11,565 ആയി.
തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കേസുകള്‍ 28000 കടന്നത് രാജ്യത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. 24 മണിക്കൂറിനിടെ 28,498 പോസിറ്റീവ് കേസുകളും 553 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 14809 പോസിറ്റീവ് കേസുകളാണുണ്ടായത്.
ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 166-ാം ദിവസമാണ് രോഗികളുടെ എണ്ണം ഒന്‍പത് ലക്ഷം കടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് രാജ്യത്തെ പോസിറ്റീവ് കേസുകള്‍ എട്ട് ലക്ഷം കടന്നത്. വെറും മൂന്ന് ദിവസം കൊണ്ടാണ് കൊവിഡ് പോസിറ്റീവ് കേസുകള്‍ എട്ട് ലക്ഷത്തില്‍ നിന്ന് ഒന്‍പത് ലക്ഷം കടന്നത്.