കോവിഡ്19; ഇറ്റലിയില്‍ ഇന്നലെ മരിച്ചത് 601 പേര്‍ സ്‌പെയിനില്‍ 539 കടുത്ത നടപടികളുമായി ലോകരാജ്യങ്ങള്‍


കോവിഡ് ബാധിച്ച് ആകെ മരണം 16,553 ആയതോടെ വീടിനു പുറത്തിറങ്ങുന്നതു വിലക്കുന്ന കടുത്ത നടപടിയുമായി കൂടുതല്‍ രാജ്യങ്ങള്‍. ജര്‍മനിയില്‍ രണ്ടിലധികം പേര്‍ കൂടുന്നതു വിലക്കി. ജൂലൈയില്‍ നടക്കേണ്ട ടോക്കിയോ ഒളിംപിക്‌സ് മാറ്റിവയ്ക്കാന്‍ സാധ്യതയേറി.

ഇന്നലെ മാത്രം ഇറ്റലിയില്‍ 601 മരണമാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ ഇറ്റലിയില്‍ ആകെ മരണം 6,077 ആയി. ലോകത്ത് ഏറ്റവും കൂടുതല്‍ മരണം നടന്നത് ഇറ്റലിയിലാണ്.നാലരക്കോടി മാത്രം ജനങ്ങളുള്ള സ്‌പെയിനില്‍ 24 മണിക്കൂറിനിടെ മരിച്ച കോവിഡ് ബാധിതര്‍ 539 പേര്‍. സ്‌പെയിനില്‍ മൊത്തം മരണം 2,311 ആയി. അമേരിക്കയില്‍ 140ഉം ഫ്രാന്‍സില്‍ 186ഉം ഇറാനില്‍ 127ഉം ആളുകളാണ് ഇന്നലെ മരിച്ചത്. ഇന്നലെ മാത്രം ലോകത്ത് 1875 ആളുകള്‍ കൊറോണ ബാധിച്ച് മരിച്ചു.

ജനങ്ങളുടെ സഞ്ചാരം പൂര്‍ണമായി വിലക്കുന്ന നടപടികളിലേക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ കടന്നു. ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ഗ്രീസും ഇന്നലെ മുതല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ഉപരോധം മൂലം വലയുന്ന ഇറാനില്‍ രോഗികളുടെ എണ്ണം കാല്‍ലക്ഷത്തോട് അടുത്തു.