കോവിഡ്; കേരളത്തില്‍ ഇന്ന് പോസിറ്റിവ് കേസുകളില്ല

തിരുവനന്തപുരം: കോവിഡ് കേസില്‍ സംസ്ഥാനത്തിന് നേരിയ ആശ്വാസം. ഇന്ന് പുതിയ കേസുകള്‍ സ്ഥിരീകരിച്ചില്ല. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് അറിയിപ്പ് നല്‍കി.

25603 പേരാണ് സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 25366 പേരും വീടുകളിലാണ്. 237 പേര്‍ ആശുപത്രിയിലും. 57 പേരെ ഇന്ന് കോവിഡ് സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 7861 പേരെ ഇന്ന് നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. 4622 പേരെ രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. 2550 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. അതില്‍ 2140 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

അതേ സമയം രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 153 ആയി. കരസേനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്തോടെ ലഡാക്ക് സ്‌കൗട്ട് യൂണിറ്റിലെ ജവാന്മാരെ നിരീക്ഷണത്തിലേയ്ക്ക് മാറ്റി.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 124 ഇന്ത്യക്കാര്‍ക്കും, 25 വിദേശികള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 14 പേര്‍ രോഗമുക്തരായി. കേന്ദ്ര ഭരണ പ്രദേശമായ മാഹിയെ കൂടാതെ 16 സംസ്ഥാനങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. അതിവേഗം വൈറസ് പടരുന്ന മഹാരാഷ്ട്രയിലെ പൂനെയില്‍ 850 ഹോട്ടലുകള്‍ മാര്‍ച്ച് 20 വരെ അടച്ചു.