തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്കുകൂടി കോവിഡ്19 സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ അഞ്ചും കണ്ണൂരില്‍ നാലും കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ രണ്ടുവീതവും പോസിറ്റിവ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കേരളത്തില്‍ ഇതുവരെ 67 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ രോഗമുക്തി നേടിയവരാണ്. ശേഷിച്ച 64 പേര്‍ രോഗം ബാധിച്ച് വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാസര്‍ക്കോട്ട് നെല്ലിക്കുന്ന്, വിദ്യാനഗര്‍, ചന്ദ്രഗിരി, മരക്കാപ്പ് കടപ്പുറം, ചെങ്കള സ്വദേശികള്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ അഞ്ചുപേരും ദുബായില്‍ നിന്ന് വന്നവരാണ്. 58,27,32,41,33 എന്നിങ്ങനെയാണ് ഇവരുടെ പ്രായം. കണ്ണൂരില്‍ ബാധിച്ച നാല് പേരും ഗള്‍ഫില്‍ നിന്ന് എത്തിയവരാണ്. ചെറുവാഞ്ചേരി, കുഞ്ഞിമംഗലം, നാറാത്ത്, ചപ്പാരപ്പടവ് സ്വദേശികള്‍ക്കാണ് കണ്ണൂരില്‍ രോഗബാധ.
കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരും വിദേശത്ത് നിന്ന് എത്തിയവരാണ്. ഒരാള്‍ ബീച്ച് ആശുപത്രിയിലും മറ്റൊരാള്‍ മെഡിക്കല്‍ കോളജിലും നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ഇതില്‍ ഒരാള്‍ അബുദാബിയില്‍ നിന്നെത്തിയ സ്ത്രീയും മറ്റെയാള്‍ പുരുഷനുമാണ്. ഇരുവരെയും വിമാനത്താവളത്തില്‍ നിന്നു തന്നെ നേരെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
എറണാകുളത്ത് രണ്ടുപേര്‍ക്കാണ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലാ സ്വദേശികള്‍ക്ക് ഇതാദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇവരും ദുബൈയില്‍ നിന്നെത്തിയവരാണ്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ വിമാനത്താവളത്തില്‍ നിന്ന് കളമശേരിയിലെ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു.
ഇതുവരെ 184 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ചു. വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.