ഒരു വ്യക്തിയില്‍ നിന്ന് കോവിഡ് പകര്‍ന്നത് 5016 പേര്‍ക്ക്; സാമൂഹിക അകലം ഇനിയും ഗൗരവത്തിലെടുക്കാത്തവര്‍ ശ്രദ്ധിക്കുക

ദക്ഷിണ കൊറിയയില്‍ ഒരു വ്യക്തിയില്‍ നിന്ന് 5016 പേരിലേക്ക്് കോവിഡ് പകര്‍ന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഗൈനക്കോളജിസ്റ്റും വന്ധ്യതാ ചികിത്സാ വിദഗ്ധനുമായ ഡോ. ഷൈജസ്. ഒരു വ്യക്തിയില്‍ നിന്ന് 5016 പേര്‍ക്ക് കൊവിഡ് പകര്‍ന്നതിനെ കുറിച്ചാണ് ഡോക്ടര്‍ പറയുന്നത്. ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ദക്ഷിണ കൊറിയയിലെ കൊവിഡ് രോഗികളില്‍ 60 ശതമാനം പേര്‍ക്കും രോഗം പകരാനിടയാക്കിയ ഒരൊറ്റ വ്യക്തിയുടെ അശ്രദ്ധയെപ്പറ്റി അദ്ദേഹം പറയുന്നത്.

സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം ഇപ്പോഴും നമ്മുടെ നാടുകളില്‍ വേണ്ട വിധത്തില്‍ ഗൗരവത്തിലെടുത്തിട്ടില്ല. പൊലീസ് വരുമ്പോള്‍ മാത്രം ചിതറി ഓടിയൊളിക്കുന്ന ജാഗ്രത മാത്രമാണ് നമുക്കിപ്പോഴുമുള്ളത്. അതിനപ്പുറത്തേക്ക് കരുതല്‍ വേണ്ട ഗുരുതരമായ സാഹചര്യമാണ് കോവിഡ് കാലത്ത് വേണ്ടതെന്ന് ഡോക്ടറുടെ ഈ പങ്കുവയ്ക്കലില്‍ നിന്ന് മനസ്സിലാവും.

‘ഫെബ്രുവരി ആറാം തീയതിയാണ് ഈ സംഭവത്തിന്റെ തുടക്കം. ഗുരുതരമല്ലാത്ത ഒരു റോഡപകടത്തെത്തുടര്‍ന്ന് ഒരു സ്ത്രീയെ ആശുപത്രിയിലെത്തിക്കുന്നു. ചികിത്സയ്ക്കും ഒരു ദിവസത്തെ ആശുപത്രിവാസത്തിനും ശേഷം അവരെ ഡിസ്ചാര്‍ജ് ചെയ്യുന്നു. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ചെറിയ പനി ശ്രദ്ധയില്‍ പെടുകയും ഡോക്ടര്‍മാര്‍ ഒരു ടെസ്റ്റിന് നിര്‍ദേശിക്കുകയും ചെയ്യുന്നു. എന്നാല്‍ ഗുരുതരമല്ലാത്ത പ്രശ്‌നമായതിനാല്‍ അവര്‍ ആ ടെസ്റ്റ് ചെയ്യാതെ പോകുന്നു.

അടുത്ത രണ്ടാഴ്ച അവരുടെ ജീവിതത്തില്‍ എന്തു നടന്നു എന്നതാണ് ഈ കഥയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പള്ളികളില്‍ നടന്ന രണ്ട് കൂട്ടായ്മകള്‍, ഒരു ടാക്‌സി യാത്ര, സുഹൃത്തിന്റെ കൂടെ ഒരു ബുഫെ ലഞ്ച്, സാധനങ്ങള്‍ വാങ്ങാനായി മാര്‍ക്കറ്റുകള്‍..അങ്ങനെ പോകുന്നു അവരുടെ യാത്രകള്‍. ശേഷം അവരില്‍ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുകയും ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ചെയ്തു.

കഴിഞ്ഞ രണ്ടാഴ്ച അവര്‍ സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക ഞെട്ടിക്കുന്നതായിരുന്നു. 9300 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായാണ് കണ്ടെത്തിയത്. ഇതില്‍ 5016 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. സൗത്ത് കൊറിയ എന്ന രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് 19 പോസിറ്റീവ് കേസുകളില്‍ 60 ശതമാനവും ഉണ്ടായത് ഈ ഒരു വ്യക്തിയില്‍ നിന്നാണ്. ദക്ഷിണ കൊറിയയുടെ മൊത്തം ജനസംഖ്യ 6 കോടി മാത്രമാണ്. അത്ര ചെറിയൊരു രാജ്യത്ത് ഇത്രയും വലിയൊരു വിപത്ത് ഒരു വ്യക്തിക്കുണ്ടാക്കാന്‍ സാധിക്കുമെങ്കില്‍ 150 കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇതിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഒരു വ്യക്തിക്കാകും. അതുകൊണ്ടാണ് വീട്ടിലിരുന്നു രാജ്യത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പറയുന്നത്’- ഡോക്ടര്‍ പറഞ്ഞു.