കൊവിഡ് കേസ് മറച്ചുവച്ച ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി. ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ബംഗളൂരുവിലെ ഹംഗസാന്ദ്ര സ്വദേശിയായ രോഗിക്ക് കൊറോണ പോസിറ്റീവായത് ബുധനാഴ്ചയാണ്. ഈ വിവരം മറച്ചുവച്ച വേണു ഹെല്‍ത്ത്കെയര്‍ ആശുപത്രിക്കെതിരെയാണ് നടപടി.
ജലദോഷവും ചുമയുമായി യുവാവ് ആദ്യം എത്തിയത് വേണു ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലാണ്. ഇദ്ദേഹത്തെ ഒരു ദിവസം ചികിത്സിച്ച ശേഷം ജയദേവ ആശുപത്രിയിലേക്ക് രോഗിയെ റെഫര്‍ ചെയ്തു. അവരാണ് രോഗിയുടെ സാമ്പിളുകള്‍ കൊവിഡ് പരിശോധനയ്ക്ക് അയക്കുന്നത്. തുടര്‍ന്ന് ഫലം പോസിറ്റീവാവുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ജിഎന്‍ ശിവമൂര്‍ത്തി പറഞ്ഞു.
വേണു ഹോസ്പിറ്റലില്‍ രോഗിയെ ചികിത്സിച്ചവരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കാന്‍ ആരോഗ്യ വിഭാഗത്തില്‍ നിന്ന് ജീവനക്കാര്‍ പോയപ്പോള്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ അകത്ത് നിന്ന് വാതില്‍ പൂട്ടുകയായിരുന്നു. ഏറെ പണിപ്പെട്ടതിന് ശേഷമാണ് ആശുപത്രി ജീവനക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്.