ന്യൂഡല്‍ഹി: രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കാനിരിക്കെ യാത്രാനിരക്ക് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം എല്ലാ വിമാന കമ്പനികള്‍ക്കും നിര്‍ദേശം നല്കി. വിമാനക്കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഒത്തുപോവുന്ന വിധത്തിലാണ് നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്ദീപി സിങ് പുരി പറഞ്ഞു. വിമാനത്തിന്റെ യാത്രാ ദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കിയാണ് നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളത്.
അവയെ ഏഴ് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ആദ്യ വിഭാഗം- 40 മിനിറ്റില്‍ കുറവ്
രണ്ടാം വിഭാഗം – 40-60 മി
മൂന്നാം വിഭാഗം – 60-90 മി
നാലാമത്തെ വിഭാഗം- 90-120 മി
അഞ്ചാം വിഭാഗം- 120-150 മി
ആറാമത്തെ വിഭാഗം – 150-180 മി
ഏഴാമത് വിഭാഗം- 180-210 മി
ഡല്‍ഹി-മുംബൈ പോലുള്ള ഏറ്റവും തിരക്കേറിയ റൂട്ടില്‍ 3,500 രൂപ മുതല്‍ 10,000 രൂപ വരെയാണ് ടിക്കറ്റ് വില. ആഗസ്ത് 24 വരെയാണ് ഈ നിരക്ക് ബാധകമാകുക. വിമാനക്കമ്പനികള്‍ ഉയര്‍ന്ന വിലക്ക് ടിക്കറ്റ് വില്‍ക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കും.
ഇന്നലെയാണ് ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനം കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിക്കുന്നത്. ‘ആഭ്യന്തര സിവില്‍ ഏവിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ മെയ് 25 തിങ്കളാഴ്ച മുതല്‍ കാലിബ്രേറ്റ് രീതിയില്‍ വീണ്ടും തുടങ്ങും. എല്ലാ വിമാനത്താവളങ്ങള്‍ക്കും വിമാനകമ്പനികള്‍ക്കും മെയ് 25 മുതല്‍ പ്രവര്‍ത്തനത്തിന് തയാറെടുക്കാന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്’ ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.
തുടക്കത്തില്‍ 30 ശതമാനം സര്‍വീസുകളാകും ഉണ്ടാകുക. രാജ്യത്തെ എല്ലാ വിമനത്താവളങ്ങളും സര്‍വീസ് നടത്തും. യാത്രനിരക്കില്‍ പരിധി നിശ്ചയിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.