ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌ന് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ടാം പരിശോധനയിലാണ് സത്യേന്ദര്‍ ജെയ്‌ന് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. എന്നാല്‍, ശ്വാസ തടസ്സവും പനിയും തുടരുന്നതിനാലാണ് വീണ്ടും പരിശോധിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അമിത് ഷാ, അരവിന്ദ് കെജരിവാള്‍, ഡല്‍ഹി ലഫ്.ഗവര്‍ണര്‍ അടക്കമുള്ളവരുമായി ഇദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അതിഷി മര്‍ലെനയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നേരിയ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എംഎല്‍എ പരിശോധനയ്ക്ക് വിധേയയായത്. കല്‍ക്കാജി മണ്ഡലത്തിലെ എംഎല്‍എയായി അതിഷി വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ തന്നെയുണ്ടായിരുന്ന അതിഷി വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആശംസിച്ചു.
അതിനിടെ, കൊവിഡ് ചികിത്സാ പ്രതിസന്ധിയുടെ പേരില്‍ ഡല്‍ഹി സര്‍ക്കാരിനെ സുപ്രീംകോടതി വീണ്ടും വിമര്‍ശിച്ചു. സത്യം പുറത്തുവരാതിരിക്കാന്‍ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. അതിനിടെ, നേരത്തെ പുറത്തുവിടാതിരുന്ന കണക്കുകള്‍ പുറത്തുവന്നതോടെ ദില്ലിയിലെ കൊവിഡ് മരണം 1837 ആയി ഉയര്‍ന്നു.