കോവിഡ്19; കോഴിക്കോട്ടും കാസര്‍കോട്ടും നിരോധനാജ്ഞ

തിരുവനന്തപുരം: കോവിഡ് ബാധയുടെ പശ്ചാതലത്തില്‍ കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍മാരാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. കാസര്‍ക്കോട്ട് ഇന്ന് അഞ്ചും കോഴിക്കോട് രണ്ടും പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അഞ്ചുപേരില്‍ അധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. ബസുകളില്‍ 50 ശതമാനത്തിലധികം ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്ന് കോഴിക്കോട് കലക്ടര്‍ വ്യക്തമാക്കി.

കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. അവശ്യ സേവനങ്ങളായ ഭക്ഷ്യവസ്തു വില്‍പനശാലകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവ തുറക്കാം. ഹോട്ടലുകളിലോ റസ്റ്ററന്റുകളിലോ കൂടിയിരിക്കാന്‍ പാടില്ല.

അതേസമയം സംസ്ഥാന അതിര്‍ത്തിയും അടച്ചിട്ടിട്ടുണ്ട്. ഇതുപ്രകാരം യാത്രക്കാര്‍ക്കു കേരളത്തില്‍ നിന്ന് പുറത്തേക്കോ കേരളത്തിന് അകത്തേക്കോ കടക്കാന്‍ കഴിയില്ല. ചരക്കുവാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. ജില്ലാ അതിര്‍ത്തികള്‍ കടന്ന് സ്വകാര്യ വാഹനങ്ങള്‍ക്ക് പോകുന്നതില്‍ വിലക്കില്ല.

കോഴിക്കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരും വിദേശത്ത് നിന്ന് എത്തിയവരാണ്. ഒരാള്‍ ബീച്ച് ആശുപത്രിയിലും മറ്റൊരാള്‍ മെഡിക്കല്‍ കോളജിലും നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ഇതില്‍ ഒരാള്‍ അബുദാബിയില്‍ നിന്നെത്തിയ സ്ത്രീയും മറ്റെയാള്‍ പുരുഷനുമാണ്. ഇരുവരെയും വിമാനത്താവളത്തില്‍ നിന്നു തന്നെ നേരെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

കാസര്‍ക്കോട്ട് നെല്ലിക്കുന്ന്, വിദ്യാനഗര്‍, ചന്ദ്രഗിരി, മരക്കാപ്പ് കടപ്പുറം, ചെങ്കള സ്വദേശികള്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ അഞ്ചുപേരും ദുബായില്‍ നിന്ന് വന്നവരാണ്. 58,27,32,41,33 എന്നിങ്ങനെയാണ് ഇവരുടെ പ്രായം. കണ്ണൂരില്‍ ബാധിച്ച നാല് പേരും ഗള്‍ഫില്‍ നിന്ന് എത്തിയവരാണ്. ചെറുവാഞ്ചേരി, കുഞ്ഞിമംഗലം, നാറാത്ത്, ചപ്പാരപ്പടവ് സ്വദേശികള്‍ക്കാണ് കണ്ണൂരില്‍ രോഗബാധ.