കണ്ണൂര്‍ കലക്ടറേറ്റിനു കീഴില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് സി.കെ വിനീതും സഹല്‍ അബ്ദുല്‍ സമദും


കണ്ണൂര്‍:

കണ്ണൂര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ സി.കെ വിനീതിന്റെയും സഹല്‍ അബ്ദുല്‍ സമദിന്റെയും മനസ്സില്‍ ഇപ്പോള്‍ മൈതാനവും ഫുട്‌ബോളുമല്ല, കോവിഡ് പ്രതിരോധപ്രവര്‍ത്തനമാണ്.

കണ്ണൂര്‍ കളക്ടറേറ്റില്‍ ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന കോവിഡ് കോള്‍ സെന്ററിലാണ് വിനീതിന് ഡ്യൂട്ടി. സഹല്‍ അബ്ദുല്‍ സമദും കോള്‍ സെന്ററില്‍ അതിഥിയായി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. വിനീത് തന്റെ മകന്റെ പിറന്നാളിനാണ് ഫെബ്രുവരി അവസാനം മാങ്ങാട്ടിടം വട്ടിപ്രത്തെ വീട്ടിലെത്തിയത്. ലോക്ക്ഡൗണായതോടെ വീട്ടില്‍ തന്നെ തുടരുകയായിരുന്നു.

മാര്‍ച്ച് 28-ന് തുടങ്ങിയ ജില്ലാ കോള്‍ സെന്ററില്‍ അതിഥിയായി ഏപ്രില്‍ ഒന്നിനാണ് വിനീത് എത്തിയത്. മുപ്പതോളം പേരുടെ വിളി കേട്ട വിനീത് അവര്‍ ആവശ്യപ്പെട്ട മരുന്ന്, പച്ചക്കറികള്‍ എന്നിവയുടെ പട്ടിക തയ്യാറാക്കി വൊളന്റിയര്‍മാര്‍ക്ക് നല്‍കി. അടുത്തദിവസങ്ങളില്‍ അധികൃതര്‍ ആവശ്യപ്പെടാതെതന്നെ വിനീത് സന്നദ്ധ പ്രവര്‍ത്തനത്തിന് എത്തുകയായിരുന്നു. ദിവസേന രാവിലെ 9.30-ഓടെ കോള്‍ സെന്ററിലെത്തിയാല്‍ സെന്റര്‍ അടയ്ക്കുമ്പോഴാണ് തിരിച്ചുപോകുന്നത്.


താന്‍ ആരാണെന്നുപോലും വെളിപ്പെടുത്താതെ വിളിക്കുന്നവരുടെ ആവശ്യങ്ങള്‍ കുറിച്ചെടുക്കുന്നു. പരിഹാരനിര്‍ദേശം നല്‍കുന്നു. വിഷുദിവസവും പതിവ് തെറ്റിച്ചില്ല. ‘എനിക്ക് ഇത്രയൊക്കെയല്ലേ ചെയ്യാനാവൂ, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ കോള്‍ സെന്റര്‍ തുടരുന്നിടത്തോളം കാലം രംഗത്തുണ്ടാകും’ -വിനീത് പറഞ്ഞു.

വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദ് കോള്‍ സെന്ററില്‍ അതിഥിയായി പ്രവര്‍ത്തനത്തിനെത്തിയിരുന്നു.