കോവിഡ് പകര്‍ന്നത് വുഹാനിലെ ജൈവായുധ ശേഖരത്തില്‍ നിന്നോ? ഗവേഷകര്‍ പറയുന്നത്

കോവിഡ് ലോകത്തെ ആസകലം ഗ്രസിച്ച് മുന്നോട്ടുപോവുകയാണ്. അതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ചൈനയിലെ വുഹാനില്‍ നിന്നാണ് കേസുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് എന്നു മാത്രമറിയാം. വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നാണ് കോവിഡ് പടര്‍ന്നു തുടങ്ങിയത് എന്നാണ് ഇപ്പോഴും പ്രബലമായ നിരീക്ഷണം. ചൈനീസ് ഗവേഷകര്‍ തന്നെയാണ് ഈ നിരീക്ഷണം നടത്തിയത്. എന്നാല്‍ ജനുവരിയില്‍ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ചൈനീസ് പഠനം അനുസരിച്ച് വുഹാനിലെ മാര്‍ക്കറ്റും കോവിഡും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും പറയുന്നുണ്ട്. അതേസമയം വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിന്റെ ഇതിലുള്ള പങ്കിനെ പുറത്തു കൊണ്ടുവരാതിരിക്കാന്‍ ചൈന തന്നെ പ്രചരിപ്പിച്ച നുണക്കഥയാണ് വുഹാനിലെ മാര്‍ക്കറ്റെന്ന ആക്ഷേപവും ശക്തമാണ്.

വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലെ പരീക്ഷണത്തിനിടെ ഏതെങ്കിലും ജോലിക്കാരില്‍ നിന്നോ മറ്റോ ചോര്‍ന്നതായിരിക്കണം കോവിഡ് എന്ന വാദമാണ് ഇതിനു പിന്നില്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറസിന്റെ ഉറവിടത്തെ പറ്റി അന്വേഷണം നടത്തുകയാണെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡിനെ നേരത്തെ തന്നെ ചൈനീസ് വൈറസെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.

കോവിഡ് വൈറസ് ലാബില്‍ നിന്ന് ചോര്‍ന്നതാവാമെന്ന നിരീക്ഷണം ആദ്യം നടത്തിയത് ഇസ്രയേല്‍ ജൈവശാസ്ത്രജ്ഞനായ ഡാനി ഷോഹാമാണ്. കോവിഡ് ചൈനയുടെ ജൈവായുധമാണെന്ന ജനുവരിയില്‍ വാഷിങ്ടണ്‍ ടൈംസും റി്‌പ്പോര്‍ട്ട് ചെയ്തു. ഇതാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്.

ചൈനയിലെ ലാബുകളില്‍ ജൈവായുധ ഗവേഷണം നടക്കുന്നുണ്ടെന്ന അഭ്യൂഹം പണ്ടേയുണ്ട്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നു തന്നെയാണോ കോവിഡ് പടര്‍ന്നതെന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന ചൈനീസ് അധികൃതര്‍ക്കു പോലും സംശയമുണ്ടെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പറഞ്ഞിരുന്നു.

ചൈനയിലെ മലമടക്കിലെ വിജനമായ ഒരു കുന്നിന്‍ ചെരുവിലാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നു പറയുന്ന സ്ഥാപനം. ചൈനയിലെ വൈറസ് കേന്ദ്രത്തിന്റെ മുഖ്യ കേന്ദ്രമാണിത്. 1500ഓളം വൈറസുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ കാലത്തും നിഗൂഢമാണ്. ലോകത്തെ ഒരു ഗവേഷകര്‍ക്കും ലാബിനകത്തേക്ക് പ്രവേശനമില്ല. 2015ല്‍ നിര്‍മാണം പൂര്‍ത്തിയായ ലാബ് 2018ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനകത്തെ ജോലിക്കാരില്‍ നിന്ന് അബദ്ധത്തിലാവാം കോവിഡ് പടര്‍ന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ ആരോപണത്തെ കുറിച്ച് സ്ഥാപനം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിസംബര്‍ 30ന് പുതിയ ഒരു വൈറസിന്റെ സാംപിള്‍ ലഭിക്കുകയായിരുന്നുവെന്നും ജനുവരി രണ്ടിന് വൈറസിനെ തിരിച്ചറിഞ്ഞുവെന്നും സ്ഥാപനം പറയുന്നു. ഇത് ജനുവരി 11നു തന്നെ ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നതായും ലാബ് അവകാശപ്പെട്ടു.

SHARE