പകുതി യാത്രക്കാര്‍, ഇരട്ടിനിരക്കില്‍ ടിക്കറ്റ്; ബസുകള്‍ക്ക് ഈ വിധത്തില്‍ യാത്രാനുമതി നല്‍കിയേക്കും


പൊതുഗതാഗതത്തിന് കേന്ദ്രാനുമതി ലഭിച്ചാല്‍ നിയന്ത്രണങ്ങളോടെ സ്വകാര്യബസുകള്‍ക്കും അനുമതി നല്‍കും. യാത്രക്കാരുടെ എണ്ണം പകുതിയാക്കി സാമൂഹികഅകലം പാലിച്ച് യാത്ര അനുവദിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ ധാരണയായി. 51 സീറ്റുള്ള ബസില്‍ യാത്രക്കാരുടെ എണ്ണം 25 ആയി കുറയും. വരുമാന നഷ്ടം കുറയ്ക്കാന്‍ ടിക്കറ്റ് ചാര്‍ജ് ഇരട്ടിയാക്കണം. ഇതിന്റെ മാര്‍ഗരേഖ ഗതാഗതവകുപ്പ് സര്‍ക്കാരിന് നല്‍കി.

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കുവേണ്ടി കെ.എസ്.ആര്‍.ടി.സി. ആരംഭിച്ച പ്രത്യേക സര്‍വീസുകളില്‍ ഇരട്ടിനിരക്കാണ് ഈടാക്കുന്നത്. പ്രധാനപ്പെട്ട ഓഫീസ് സമുച്ചയങ്ങള്‍, സിവില്‍സ്റ്റേഷനുകള്‍, കളക്ടറേറ്റുകള്‍, ഹൈക്കോടതി തുടങ്ങിയ സ്ഥലങ്ങളിലേക്കും കോണ്‍ട്രാക്ട് കാര്യേജുകളായി ബസ് ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ഇതേ മാതൃകയില്‍ ഇരട്ടിത്തുക ഈടാക്കാനാണ് സ്വകാര്യ ബസുകള്‍ക്കും അനുമതി നല്‍കുക. സാമൂഹിക അകലം പാലിക്കേണ്ടിവരുന്ന കാലയളവിലേക്കുമാത്രം നിരക്ക് ഉയര്‍ത്തി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കും. കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി ഉത്തരവ് ഇറക്കിയിട്ടുണ്ട്.

സ്വകാര്യബസുകള്‍ക്ക് റോഡുനികുതി ഇളവുനല്‍കാനുള്ള ശുപാര്‍ശയും പരിഗണനയിലുണ്ട്. പൊതുവാഹനങ്ങള്‍ക്കുള്ള ഇന്ധനനികുതി കുറയ്ക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എക്സൈസ് തീരുവ കുറയ്ക്കുന്നതിലൂടെ ലിറ്ററിന് 18.83 രൂപയുടെവരെ കുറവുണ്ടാകും.

SHARE