കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണില്‍ ആയതോടെ സ്ഥിരം കളികളില്‍ ഏര്‍പ്പെട്ടു മടുത്തിരിക്കുകയായിരുന്നു വിശാഖപട്ടണം സ്വദേശിയായ വീര്‍ കശ്യപ് എന്ന പത്തുവയസ്സുകാരന്. ഒന്നും ചെയ്യാനില്ല എന്ന പരാതി കേട്ടുമടുത്ത വീറിന്റെ അച്ഛന് കമാന്‍ഡര്‍ വിനായക സ്വന്തമായി കളിക്കാന്‍ ഒരു ഗെയിം ഉണ്ടാക്കിയെടുക്കാന്‍ അവനോട് ആവശ്യപ്പെട്ടു. പിന്നെ ഒന്നും നോക്കിയില്ല. ലോകത്താകമാനം ജനങ്ങളെ വലയ്ക്കുന്ന കൊറോണയെ തന്നെ ബോര്‍ഡ് ഗെയിമില്‍ ഒതുക്കാന്‍ വീര്‍ തീരുമാനിക്കുകയായിരുന്നു. കൊറോണ വൈറസിന്റെ ആകൃതിയില്‍ തന്നെ കളിച്ചു നീങ്ങുന്ന ഒരു ബോര്‍ഡ് ഗെയിമാണ് വീര്‍ തയ്യാറാക്കിയത്.
വീര്‍ കശ്യപിന്റ കൊറോണ ഗെയിമിന് ‘കൊറോണ യുഗ’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വെറുമൊരു ഗെയിം അല്ലേ എന്ന് കരുതിയെങ്കില്‍ തെറ്റി. രോഗം പകരുന്നത് എങ്ങനെയെന്നും, പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നും, രോഗബാധിതര്‍ കടന്നുപോകുന്ന അനുഭവങ്ങളും എല്ലാം ഈ ചെറിയ കളിയിലൂടെ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ഡൈസും കരുക്കളും ഉപയോഗിച്ച് തന്നെയാണ് ‘കൊറോണ യുഗ’ കളിക്കേണ്ടത്. ഹോം എന്ന കളത്തില്‍ തുടങ്ങി 52 നീക്കങ്ങളിലൂടെ തിരികെ ആദ്യ കളത്തില്‍ തന്നെ എത്തുന്ന രീതിയിലാണ് ഗെയിം ക്രമീകരിച്ചിരിക്കുന്നത്. കരുക്കള്‍ വീഴുന്നതിനൊപ്പം മുന്പോട്ടുള്ള കളങ്ങളിലേക്ക് ഓരോ കളിക്കാരും മാറി മാറി നീങ്ങിക്കൊണ്ടിരിക്കുന്നു. ഓരോ കളത്തിലേക്ക് നീങ്ങുന്നത് അനുസരിച്ച് മാസ്ക് ധരിക്കുക, കൈ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങി പ്രതിരോധത്തിനുള്ള വഴികള്‍ കളിക്കാര്‍ ചെയ്യേണ്ടതുണ്ട്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കളങ്ങളിലേക്ക് കരുക്കള്‍ നീക്കുന്നവര്‍ക്ക് പിഴ കൊടുക്കേണ്ടി വരും. ഇതിനുപുറമേ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിന് യോഗ ചെയ്യാനും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ളവരെ അഭിനന്ദിച്ച് കളിക്കാര്‍ കൈ കൊട്ടാനും എല്ലാം നിര്‍ദ്ദേശിക്കുന്ന കളങ്ങളും കൊറോണ യുഗയില് ഉണ്ട്. 45 മിനിറ്റ് ദൈര്‍ഘ്യമാണ് കളി അവസാനിപ്പിക്കുന്നതിന് വേണ്ടി വരുന്നത്.
ഇത്തരമൊരു ആശയം കേട്ടപ്പോള്‍ തന്നെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് വീറിന്റെ മാതാപിതാക്കള്‍ നല്‍കിയത്. അഞ്ചുവയസുകാരി അനുജത്തിയും ബോര്‍ഡ് ഗെയിമിന് നിറം കൊടുക്കാന്‍ ചേട്ടന്റെ ഒപ്പം കൂടി. അതുകൊണ്ടും തീര്‍ന്നില്ല. ടെക് ടീം സൊലൂഷന്‍സ് എന്ന കമ്പനിയുടെ സഹായത്തോടെ ഗെയിം വിപണിയില്‍ എത്തിച്ചിരിക്കുകയാണ് വീര്‍ കശ്യപ് ഇപ്പോള്‍. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഈ ബോര്‍ഡ് ഗെയിം ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ കൊറോണയെ പറ്റി അവബോധവും പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും വിനോദത്തിലൂടെ മനസ്സിലാക്കി കൊടുക്കുന്ന ‘കൊറോണ യുഗ’യ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.