തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ അമേരിക്കന്‍ സ്വകാര്യ കമ്പനിക്ക് എത്തിച്ചു നല്‍കിയതിലെ ദുരൂഹത പുറത്തു കൊണ്ടുവരാന്‍ കമ്പനിയെ ന്യായീകരിക്കുന്ന ധനമന്ത്രി തോമസ് ഐസക്കിനെ മാറ്റി നിര്‍ത്തി സമഗ്ര അന്വേഷണം നടത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി. കമ്പനിയേയും ഇടപാടിനെയും പരിധിവിട്ടു ന്യായീകരിക്കുന്ന ധനമന്ത്രി സംശയത്തിന്റെ നിഴലിലാണ്. കേരളത്തിലെ ജനങ്ങളുടെ നിരവധി വിവരശേഖരം കമ്പനിയുടെ അധീനതയിലാണെന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ചും അന്വേഷണവും നിയമനടപടിയും അനിവാര്യമാണെന്ന് എം.പി ചൂണ്ടിക്കാട്ടി.
വിദേശസ്വകാര്യ കമ്പനിയ്ക്ക് ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ കൈമാറുന്നതിന് ഐ.സി.എം.ആര്‍ന്റെയും ഹെല്‍ത്ത് മിനിസ്റ്റേഴ്സ് സ്ക്രീനിംഗ് കമ്മിറ്റിയുടെയും അനുമതി തേടിയിട്ടുണ്ടോയെന്നു വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് താന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സ്വകാര്യ അമേരിക്കന്‍ കുത്തക കമ്പനിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് നിര്‍ത്തിവച്ച സര്‍ക്കാര്‍ തീരുമാനം സ്വഗതാര്ഹമാണ്. വെബ്സൈറ്റില്‍ വിവരങ്ങള്‍ നേരിട്ട് നല്‍കുന്നത് നിര്‍ത്തിവച്ചതു കൊണ്ട് മാത്രം അതീവ ഗുരുതരമായ ഈ വിഷയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ല. കമ്പനിയെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കിയതായി പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഡേറ്റാബേസില്‍ നല്കുന്ന വിവരം അവിടെ നിന്നും അമേരിക്കന്‍ കമ്പനിയ്ക്ക് കൈമാറുമോ എന്നു വ്യക്തമാക്കണം.
ലോകവിപണിയില്‍ ഏറ്റവും വിലയേറിയ ഒന്നാണ് ഡേറ്റാബേസ് എന്ന തിരിച്ചറിവ് വൈകിയെങ്കിലും സര്‍ക്കാരിന് ഉണ്ടായത് നല്ലതാണ്. എന്നാല്‍ കമ്പനിയുമായുളള കരാര്‍ സര്‍ക്കാര്‍ വെളിപ്പെടുത്താത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്. വ്യക്തിയുടെ സ്വകാര്യതയില്‍ പരമപ്രധാനമായ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയ്ക്ക് നല്‍കിയത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ഗുരുതരമായ ഈ വിഷയത്തില്‍ അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ പ്രസിദ്ധീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു.