പിടികൊടുക്കാതെ കോവിഡ്, പകച്ച് അമേരിക്ക, ഇത് ജീവന്‍ വെച്ചുള്ള കളിയെന്ന് അമേരിക്കയിലെ മലയാളി ഡോക്ടര്‍

പത്തനംതിട്ട സ്വദേശിയും ഷിക്കാഗോയില്‍ ഡയറക്ടര്‍ ഓഫ് തെറാപ്പി സര്‍വീസസ് ജോലിക്കാരനുമായ വില്‍സണ്‍ ജോണ്‍:

ഏറ്റവും വികസിത സാഹചര്യങ്ങളുണ്ടെന്ന് അഭിമാനിക്കുന്ന യുഎസ്, കോവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്നിലെത്തിയത് ലോകത്തെ അമ്പരപ്പിക്കുന്നുണ്ടാവും! സാമൂഹിക അകലം പാലിക്കുന്നതിലെ അലംഭാവം, സമ്പദ്ഘടനയുടെ താളം തെറ്റുമോ എന്നു ഭയന്നുള്ള സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് തുടങ്ങിയവയാണ് അതിലേക്ക് എത്തിച്ചത്.

മരണസംഖ്യയും രോഗികളുടെ എണ്ണവും ഇത്രയേറെ കൂടിയിട്ടും സാമൂഹിക അകലം ഉറപ്പാക്കുന്ന കാര്യത്തില്‍ പലരും ഇപ്പോഴും ശ്രദ്ധിക്കുന്നില്ല. 33 സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ചെയ്‌തെങ്കിലും പല സംസ്ഥാനങ്ങളും അവരവരുടെ രീതിയിലാണതു നടപ്പാക്കുന്നത്. ചിലയിടത്ത് ഇനിയും നടപ്പാക്കിയിട്ടുമില്ല.

ഷിക്കാഗോ ഉള്‍പ്പെടുന്ന ഇല്ലിനോയ് സംസ്ഥാനം 21 മുതല്‍ ലോക്ഡൗണിലാണ്. പ്രവര്‍ത്തനാനുമതി അവശ്യ സര്‍വീസുകള്‍ക്കു മാത്രം. മെഡിക്കല്‍ സര്‍വീസ്, ബാങ്ക്, ഇന്ധനവിതരണം, മദ്യക്കടകള്‍, പ്ലമിങ് – ഹീറ്റിങ് സര്‍വീസുകള്‍, റസ്റ്ററന്റ് (പാഴ്‌സല്‍ സര്‍വീസ് മാത്രം) എന്നിവയാണു പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ആരാധനാലയങ്ങളും അടച്ചു. എന്നാല്‍, ഫ്‌ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ബീച്ചുകളില്‍ ജനക്കൂട്ടത്തിനു കുറവൊന്നുമില്ലെന്ന് അവിടെ നിന്നുള്ള സഹപ്രവര്‍ത്തകര്‍ പറയുന്നു.

കണക്കില്‍ പറയാത്തത്

പുറത്തുവരുന്ന കണക്കിനെക്കാള്‍ അധികമായിരിക്കും രോഗികളുടെ എണ്ണമെന്നു സംശയിക്കാം. കടുത്ത പനിയോ ചുമയോ വന്നാലും കൊറോണ വൈറസ് ടെസ്റ്റ് നടത്താന്‍ സാധാരണക്കാരനു മാര്‍ഗമില്ല. പനിയും ചുമയും വന്നാല്‍ ആദ്യം ഡോക്ടറെ വിളിക്കണം. നഴ്‌സ്, നഴ്‌സ് പ്രാക്ടീഷ്ണര്‍ എന്നിവര്‍ ആദ്യഘട്ട വിവരങ്ങള്‍ രേഖപ്പെടുത്തും.

വൈദ്യസഹായം ആവശ്യമുണ്ടോ എന്ന് അവരാണു തീരുമാനിക്കുന്നത്. പെട്ടെന്നു വൈദ്യസഹായം ആവശ്യമില്ലെന്ന് അവര്‍ക്കു തോന്നിയാല്‍, ചുമയ്ക്കും പനിക്കുമുള്ള മരുന്നു കഴിച്ച് വീട്ടില്‍ത്തന്നെ ഇരിക്കണമെന്നു പറയും. ഈ ദിവസങ്ങളില്‍ ശരീര താപനില കൂടിയാല്‍ ഡോക്ടറെ വീണ്ടും വിളിക്കണം. അപ്പോള്‍ കോവിഡ് ടെസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കും. പരിശോധനാ ഫലം കിട്ടാന്‍ വീണ്ടും ഒരാഴ്ച.

അത്ര കേമമല്ല ആരോഗ്യരംഗം

പിപിഇ അഥവാ പഴ്‌സനല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്. ആരോഗ്യരംഗത്തു പ്രവര്‍ത്തിച്ചിരുന്നവര്‍ മാത്രം ഉപയോഗിച്ചിരുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ സാധാരണക്കാരും വന്‍തോതില്‍ വാങ്ങുന്നുവെന്നത് അവയുടെ ദൗര്‍ലഭ്യം കൂട്ടുന്നു. ഒരു സാധനവും രണ്ടില്‍ കൂടുതല്‍ വാങ്ങരുതെന്നു കടകളില്‍ എഴുതിവച്ചിട്ടുണ്ട്.

പിടിച്ചാല്‍ കിട്ടാതെ രോഗം

രാജ്യത്തെ 32.82 കോടി ജനങ്ങളില്‍ 17 ശതമാനവും 65നു മുകളില്‍ പ്രായമുള്ളവരാണ്. ഇപ്പോള്‍ കോവിഡ് ബാധിച്ചിരിക്കുന്നവരില്‍ 31 % 65നു മുകളില്‍ പ്രായമുള്ളവര്‍ തന്നെ. പകുതിയോളം പേരെ ഐസിയുവിലാക്കേണ്ടിവന്നു. എന്നാല്‍, 20 നും 44 നും ഇടയില്‍ പ്രായമുള്ള രോഗികളില്‍ 2% പേര്‍ക്കു മാത്രമേ ഐസിയു ആവശ്യമായി വന്നുള്ളൂ.

കോവിഡ് മുന്‍കരുതലെടുക്കാന്‍ യുഎസ് സര്‍ക്കാര്‍ വൈകിയെന്നു ഞാന്‍ കരുതുന്നു. സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള ആശങ്ക തന്നെയാണു പ്രധാന കാരണം. തൊഴിലില്ലായ്മ നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്നു നില്‍ക്കുന്നു. അമേരിക്കയില്‍ ജോലി ചെയ്യുന്ന മണിക്കൂറുകള്‍ക്കാണു വേതനം. അതായത് ജോലിയില്ലെങ്കില്‍ വരുമാനവുമില്ല.

അതിനാല്‍, ലോക്ഡൗണ്‍ സാമ്പത്തികനില കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. അതുകൊണ്ടാവണം, ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം മറികടന്ന് ഏപ്രില്‍ 12നു തന്നെ ലോക്ഡൗണ്‍ അവസാനിപ്പിക്കുമെന്നു പ്രസിഡന്റ് പറയുന്നത്. ജനങ്ങളുടെ ജീവനെക്കാള്‍ പ്രാധാന്യം സമ്പദ്ഘടനയുടെ ആരോഗ്യത്തിനു കൊടുക്കുകയെന്ന സമീപനം സര്‍ക്കാരിനു തുടാനാകുമോ എന്ന് കാത്തിരുന്നു കാണാം. സര്‍ക്കാര്‍ ഒരാള്‍ക്ക് 1200 ഡോളര്‍ (ഏകദേശം 90,000 രൂപ) സഹായം പ്രഖ്യാപിച്ചത് നല്ലതു തന്നെ.

SHARE