വാഷിങ്ടണ്‍: കൊറോണയുടെ പേരില്‍ ചൈനയ്ക്കെതിരെ അമേരിക്ക ഗൗരവമായ അന്വേഷണം നടത്തുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജര്‍മ്മനി ആവശ്യപ്പെടുന്ന 130 ബില്യണ്‍ യൂറോയേക്കാള്‍ കൂടുതല്‍ പണം ബീജിംഗില്‍ നിന്നുള്ള നഷ്ടപരിഹാരമായി ആവശ്യപ്പെട്ടേക്കുമെന്ന സൂചനയും ട്രംപ് നല്കി. ജര്‍മ്മനി ചോദിക്കുന്നതിനെക്കാള്‍ വലിയ തുകയാണ് തങ്ങള്‍ ആവശ്യപ്പെടുകയെന്ന സൂചനയും ട്രംപ് നല്കി.
കൊറോണയെ തുടക്കത്തില്‍ തന്നെ തടഞ്ഞു നിര്ത്താമായിരുന്നുവെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അങ്ങനെയെങ്കില്‍ ഇത് ലോകമെമ്പാടും വ്യാപിക്കുകയില്ലായിരുന്നു. ഉചിതമായ സമയത്ത് കാര്യങ്ങള്‍ നിങ്ങളെ അറിയിക്കുമെന്നും ഗൗരവമായ അന്വേഷണം നടത്തുകയാണെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നവംബര്‍ പകുതിയോടെ ചൈനയില്‍ ഉത്ഭവിച്ച കൊറോണ വൈറസ് ബാധിച്ച് ലോകമൊട്ടാകെ രണ്ട് ലക്ഷത്തിലധികം പേരാണ് മരിച്ചത്. 30 ലക്ഷത്തിലധികം പേര് രോഗബാധിതരാകുകയും ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് യുഎസ്സിലാണ്.
56,000 ത്തിലധികം മരണങ്ങളുണ്ടായപ്പോള്‍ 10 ലക്ഷത്തിലധികം പേര്‍ക്ക് അസുഖം ബാധിച്ചു. യു.എസ് കഴിഞ്ഞാല്‍ വൈറസ് ഏറ്റവുമധികം ബാധിച്ചത് യൂറോപ്യന്‍ രാജ്യങ്ങളെയാണ്.
രോഗത്തിന്റെ ആദ്യഘട്ടത്തില്‍ ചൈന സുതാര്യത കാണിക്കുകയും വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടുകയും ചെയ്തിരുന്നുവെങ്കില്‍ കൂടുതല്‍ പേരുടെ മരണവും ആഗോള സമ്പദ്വ്യവസ്ഥയുടെ നാശവും ഒഴിവാക്കാമായിരുന്നുവെന്നാണ് യുഎസ്, യുകെ, ജര്‍മ്മനി എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ നേതാക്കള്‍ വിശ്വസിക്കുന്നത്.
ചൈനയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനെക്കുറിച്ചും പല രാജ്യങ്ങളും സംസാരിച്ചുതുടങ്ങി. ഈ സാഹചര്യത്തിലാണ് നാശനഷ്ടങ്ങള്‍ക്ക് 130 ബില്യണ്‍ യൂറോയുടെ ബില്‍ ചൈനയിലേക്ക് അയക്കാന്‍ ജര്‍മ്മനി പദ്ധതിയിടുന്നതിനെക്കുറിച്ച് പത്രസമ്മേളനത്തില്‍ ട്രംപിനോട് ചോദിച്ചത്.