കോവിഡ് ബാധിച്ച് വിദേശത്ത് നാലു മലയാളികള്‍ മരിച്ചു

കൊവിഡ് ബാധിച്ച് നാല് മലയാളികള്‍ വിദേശത്ത് വച്ച് മരിച്ചു. അയര്‍ലന്റില്‍ വച്ച് മരിച്ച കോട്ടയം കറുപ്പന്തറ സ്വദേശിയായ മലയാളി നേഴ്സാണ് മരിച്ചവരില്‍ ഒരാള്‍. രണ്ട് പേര്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ വച്ച് മരിച്ച ഒരാള്‍ ഇടുക്കി തൊടുപുഴ സ്വാദേശിയും, മറ്റൊരാള്‍ പത്തനംതിട്ട തിരുവല്ല സ്വദേശിയുമാണ്. മലപ്പുറം ചെമ്മാട് സ്വാദേശിയാണ് സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

നേഴ്‌സ് ആയി സേവനമനുഷ്ഠിച്ചിരുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി പഴഞ്ചിറയില്‍ ജോര്‍ജ്ജ് പോളിന്റെ ഭാര്യ ബീന ജോര്‍ജ് ആണ് അയര്‍ലന്റില്‍ കൊവിഡ് ബാധിച്ചു മരിച്ചത്. കാന്‍സര്‍ ബാധിതയായ ഇവര്‍ക്ക് കൊവിഡ് പിടിപെടുകയായിരുന്നു. ന്യുയോര്‍ക്കില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരില്‍ ഒരാള്‍ 21 വയസ് മാത്രം പ്രായമുളള വിദ്യാര്‍ത്ഥിയാണ്. ഒരാഴ്ചയായി ചികിത്സയിലായിരുന്ന തിരുവല്ല കടപ്ര വലിയപറമ്പില്‍ തൈക്കടവില്‍ ഷോണ്‍ എബ്രഹാമാണ് മരിച്ചത്.

മരിച്ച രണ്ടാമത്തെയാള്‍ ന്യൂയോര്‍ക്ക് മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ തങ്കച്ചനാണ്. ഇടുക്കി തൊടുപുഴ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ കുറെ നാളുകളായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന 41 കാരനായ മലപ്പുറം ചെമ്മാട് സ്വദേശി സഫ്വാനാണ് സൗദിയില്‍ വച്ച് മരിച്ചത്. ന്യൂമോണിയ ബാധിച്ച് അവശനിലയിലായ ഇദ്ദേഹം റിയാദിലെ ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്നലെ രാത്രിയോടെ മരിച്ചത്. സഫ്വാന്റെ ഭാര്യയും കൊവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുകയാണ്.

SHARE