കോവിഡ്; 25 വര്‍ഷം കൂടി വീട്ടിലിരിക്കേണ്ടി വന്നാല്‍ നേരിടേണ്ടി വരിക വലിയ ദുരന്തം

കോവിഡിനെ തുടര്‍ന്ന് വന്ന വലിയൊരു മാറ്റങ്ങളിലൊന്നാണ് ലോകവ്യാപകമായി വീടുകളില്‍ ഇരുന്നുകൊണ്ടുള്ള ജോലി വര്‍ധിച്ചതാണ്. ബാക്കിയുള്ള ജീവിതകാലം വീടുകളില്‍ ഇരുന്നുകൊണ്ട് ജോലിയെടുക്കേണ്ടി വന്നാല്‍ അത് നമ്മുടെ ശരീരത്തില്‍ ഞെട്ടിപ്പിക്കുന്ന മാറ്റങ്ങളാകും വരുത്തുക. 2045 വരെ വീടുകളില്‍ ഇരുന്ന് ജോലിയെടുക്കേണ്ടി വരുന്ന ഒരാള്‍ക്ക് സംഭവിക്കാവുന്ന ശാരീരിക മാറ്റങ്ങള്‍ ‘സൂസന്‍’ എന്ന മോഡലിലൂടെ കാണിച്ചു തരികയാണ് ഒരുകൂട്ടം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളും ഫിറ്റ്‌നസ് വിദഗ്ധരും.

25 വര്‍ഷം കൂടി വീട്ടിലിരുന്ന് ജോലിയെടുക്കേണ്ടി വന്നാല്‍ ഒരൂകൂട്ടം രോഗങ്ങളുടെ താവളമായി നമ്മുടെ ശരീരം മാറുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇടുങ്ങിയ തോളുകള്‍, അമിതമായ ശരീരഭാരം, ഇരട്ടതാടി, കണ്ണുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങി ഓരോ പ്രശ്‌നങ്ങളും അതിന്റെ കാരണങ്ങളും വ്യക്തമായി പറയുന്നുണ്ട്. ഈ വെല്ലുവിളി മറികടക്കണമെങ്കില്‍ വ്യക്തമായ മുന്‍കരുതലുകള്‍ എടുക്കുക തന്നെ വേണം.

വീടുകളില്‍ ഇരുന്നുള്ള ജോലികളില്‍ ബഹുഭൂരിപക്ഷവും കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ളവയാണ്. ദീര്‍ഘകാലത്തേക്ക് ഇത്തരത്തില്‍ ഇരുന്നുള്ള ജോലികള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ദീര്‍ഘനേരം സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നതു മൂലമുണ്ടാകുന്ന ആദ്യത്തെ പ്രശ്‌നമാണ് ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍ അല്ലെങ്കില്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം. തുടര്‍ച്ചയായുള്ള കണ്ണുകളുടെ ആവര്‍ത്തിച്ചുള്ള ചലനങ്ങളാണ് ഇതിന് കാരണം. കണ്ണുകള്‍ കൂടുതല്‍ വരളുന്നതിനും കണ്ണില്‍ ചുവപ്പു രാശി കലര്‍ന്ന നിറം വരുന്നതിനും ഇത് കാരണമാകുന്നു. ദീര്‍ഘകാലത്തേക്ക് ഇതിന്റെ ലക്ഷണങ്ങള്‍ കാര്യമായെടുത്തില്ലെങ്കില്‍ അത് കാഴ്ച്ചക്കുറവിലേക്ക് പോലും കാര്യങ്ങളെ എത്തിക്കും.

് കംപ്യൂട്ടറിന് മുന്നില്‍ ദീര്‍ഘനേരം ഇരുന്ന് ജോലിയെടുക്കുന്നവരുടെ ഇരിപ്പ് ശരിയല്ലെങ്കിലും വലിയ വില കൊടുക്കേണ്ടി വരും. പ്രത്യേകിച്ച് അസ്വസ്ഥതകളൊന്നും തോന്നിയില്ലെങ്കില്‍ പോലും ഒരു മണിക്കൂറില്‍ കൂടുതല്‍ ഒരേ ഇരിപ്പ് അരുതെന്നാണ് മുന്നറിയിപ്പ്. 3040 മിനിറ്റ് കൂടുമ്പോഴെങ്കിലും ഇരിക്കുന്നിടത്തു നിന്നും എഴുന്നേല്‍ക്കണമെന്നതാണ് ശുപാര്‍ശ. മറ്റൊരു വെല്ലുവിളി ദീര്‍ഘനേരം ടൈപ് ചെയ്യേണ്ടി വരുന്നുവെന്നതാണ്. ഇത് കൈത്തണ്ടയിലേയും മസിലുകളിലേയും വേദനക്ക് കാരണമായേക്കാം. കീബോഡ്, മൗസ്, സ്‌ക്രീന്‍, ഇരിക്കുന്ന കസേര എന്നിവയുടെയൊക്കെ സ്ഥാനവും ഉയരവുമെല്ലാം ടൈപിംങ് സ്‌ട്രെയിന് കാരണമാകാറുണ്ട്. പരമാവധി ശക്തി കുറച്ച് ടൈപ്പ് ചെയ്യുന്നതാണ് കയ്യിനും വിരലുകള്‍ക്കും നല്ലത്.

അധികം പുറത്തിറങ്ങാതെ വെയിലുകൊള്ളാതെ ഇരിക്കുന്നവരില്‍ മുടികൊഴിച്ചിലും സാധാരണമാകാറുണ്ട്. വൈറ്റമിന്‍ ഡിയുടെ അപര്യാപ്കതയാണ് ഇതിന് കാരണം. വിളര്‍ച്ചയും ക്ഷീണവുമെല്ലാം വീട്ടിലെ ജോലിസ്ഥലങ്ങളില്‍ അടച്ചിടുന്നവരെ കാത്തിരിക്കുന്നു. കണ്ണിന് ചുറ്റും പ്രത്യക്ഷപ്പെടുന്ന കറുത്തവലയങ്ങളും കംപ്യൂട്ടറിന് മുന്നില്‍ ദീര്‍ഘനേരം ചടഞ്ഞിരിക്കുന്നവര്‍ക്ക് സാധാരണമാകാറുണ്ട്. ഇത്തരത്തില്‍ പല കാര്യങ്ങള്‍ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ വര്‍ക്ക് അറ്റ് ഹോമിലുള്ളവര്‍ക്ക് ‘സൂസന്‍’ ആകാതിരിക്കാനാകൂ. അതിന് കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ക്കൊപ്പം സാധ്യമായ വ്യായാമങ്ങള്‍ സ്ഥിരമായി ചെയ്യാന്‍ ശ്രദ്ധിക്കുകയും വേണം.

SHARE