കോട്ടയം: ആരോഗ്യപ്രവര്‍ത്തകക്കും മക്കള്‍ക്കും മുന്നില്‍ വാതിലടച്ച് വീട്ടുകാര്‍. ബാംഗളൂരുവില്‍നിന്ന് നാട്ടിലെത്തി ക്വാറന്റീന് കഴിഞ്ഞ് പുറത്തിറങ്ങിയ ആരോഗ്യപ്രവര്‍ത്തകക്കും കുഞ്ഞുങ്ങള്‍ക്കുമാണ് സ്വന്തം വീട്ടിലും ഭര്‍ത്തൃവീട്ടിലും വിലക്കുണ്ടായത്. കുഞ്ഞുങ്ങളുമായി ഒരുപകല്‍ മുഴുവന്‍ കോട്ടയം നഗരത്തില്‍ അലഞ്ഞ യുവതിയെയും രണ്ടുമക്കളെയും ഒടുവില്‍ പൊതുപ്രവര്‍ത്തകര്‍ അഭയകേന്ദ്രത്തിലാക്കി. കോവിഡ് പരിശോധനയില്‍ ഇവര്‍ നെഗറ്റീവായിരുന്നു.
കുറുമുള്ളൂര്‍ സ്വദേശിനിയായ മുപ്പത്തെട്ടുകാരി രണ്ടാഴ്ച മുമ്പാണ് ബാംഗളൂരുവില്‍നിന്ന് നാട്ടിലെത്തിയത്. പാലായില്‍ ക്വാറന്റീന് കേന്ദ്രത്തിലായിരുന്നു താമസം. ഏഴും അഞ്ചും വയസ്സുള്ള രണ്ടുകുട്ടികളാണ് ഇവര്‍ക്കുള്ളത്. ബാംഗളൂരുവിലെ സ്ഥാപനത്തില്‍ ആരോഗ്യപ്രവര്‍ത്തകയായിരുന്നു യുവതി. സ്ഥാപനം അടച്ചതോടെയാണ് നാട്ടിലേക്കു മടങ്ങിയത്.
വ്യാഴാഴ്ച രാവിലെ 10ന് പാലായിലെ ക്വാറന്റീന് കേന്ദ്രത്തില്‍നിന്ന് പുറത്തിറങ്ങി കുറുമുള്ളൂരിലെ ഭര്‍ത്തൃവീട്ടിലേക്കു ചെല്ലാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവ് സമ്മതിച്ചില്ല. യുവതിയുമായി അകന്നുകഴിയുകയാണ് ഭര്‍ത്താവ്. ഇവര്‍ സ്വന്തം വീട്ടിലേക്കുചെല്ലാന്‍ ശ്രമിച്ചപ്പോള്‍ ബന്ധുക്കളും സമ്മതിച്ചില്ല. യുവതിയുടെ അമ്മയ്ക്ക് ശ്വാസകോശരോഗം ഉണ്ടെന്നും അവരുടെ ആരോഗ്യം മോശമാകുമെന്നുമായിരുന്നു ബന്ധുവിന്റെ പ്രതികരണം.
രാവിലെ 10ന് സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നു. അവരുടെ സഹായത്തോടെ കളക്ടര്‍ എം. അഞ്ജനയെ കണ്ടു. മഹിളാമന്ദിരത്തിലാക്കാമെന്ന് കളക്ടര്‍ അറിയിച്ചു. പക്ഷേ, കുഞ്ഞുങ്ങളുമായി താമസിക്കാനുള്ള സാഹചര്യമില്ലെന്നായിരുന്നു മഹിളാമന്ദിരം അധികൃതരുടെ വിശദീകരണം. പിന്നീട് പല കേന്ദ്രങ്ങളുമായും ബന്ധപ്പെട്ടെങ്കിലും പ്രവേശനമില്ലെന്നാണ് അറിയിച്ചത്.
അഞ്ചുമണിയോടെ കളത്തിപ്പടിയില്‍ ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം ഇവരെ താമസിപ്പിക്കാമെന്ന് സമ്മതിച്ചതോടെയാണ് ദുരിതാനുഭവങ്ങള്‍ക്ക് തത്കാലത്തേക്കെങ്കിലും അറുതിയായത്. കളക്ടറുടെ ഓഫീസ് പഞ്ചായത്തുമായി ബന്ധപ്പെട്ടാണ് ഇതിന് അവസരമൊരുക്കിയത്.