കോവിഡ് പ്രതിരോധ ചുമതലയുള്ള നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു; അപകടം ആദ്യശമ്പളം വാങ്ങി വരുന്നതിനിടെ


കുന്നംകുളം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ശേഷം മടങ്ങുകയായിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍നിന്ന് ആദ്യശമ്പളവും വാങ്ങി ബൈക്കില്‍ മടങ്ങുകയായിരുന്ന ആഷിഫ് ആണ് ലോറിയുമായി കൂട്ടിയിടിച്ച് മരിച്ചത്. 23 വയസായിരുന്നു.

കുന്നംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക നഴ്‌സായിരുന്ന ആഷിഫ് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ അവണൂര്‍- മെഡിക്കല്‍ കോളേജ് റോഡില്‍ വെളപ്പായയിലാണ് അപകടമുണ്ടായത്. മുളങ്കുന്നത്തുകാവില്‍നിന്ന് അവണൂര്‍ ഭാഗത്തേക്ക് അരി കയറ്റിപ്പോയ ലോറിയുടെ പിന്‍ചക്രത്തിനടിയിലേയ്ക്ക് നിയന്ത്രണംവിട്ട ബൈക്ക് കയറിപ്പോയി. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രണ്ടുദിവസമായി അവധിയിലായിരുന്ന ആഷിഫ് 15 ദിവസത്തെ ശമ്പളം എത്തിയിട്ടുണ്ടെന്നറിഞ്ഞ് ചെക്ക് വാങ്ങാനാണ് കുന്നംകുളത്തേയ്ക്ക് പോയത്. ‘സ്ഥിരം ജീവനക്കാരേക്കാള്‍ മിടുക്കോടെയായിരുന്നു കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആഷിഫിന്റെ സേവനം. മറ്റുള്ളവര്‍ പേടിച്ചുനിന്നപ്പോള്‍ സധൈര്യം മുന്നോട്ടുവന്ന് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു’ -ആഷിഫിനെക്കുറിച്ച് പറയുമ്പോള്‍ കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.വി. മണികണ്ഠന്റെ വാക്കുകളില്‍ ദുഃഖം നിറഞ്ഞു.

താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചപ്പോള്‍ അയാളെ മെഡിക്കല്‍ കോളേജിലേക്കെത്തിക്കാന്‍ മുന്നില്‍ നിന്നത് ആഷിഫാണ്. തിരിച്ചുവന്നപ്പോള്‍ ആംബുലന്‍സ് അണുവിമുക്തമാക്കാന്‍ പലരും മടിച്ചു. എന്നാല്‍, അതിനും തയ്യാറാവുകയും മറ്റുള്ളവര്‍ക്ക് ധൈര്യം പകരുകയും ചെയ്തതും ആഷിഫായിരുന്നെന്ന് സൂപ്രണ്ട് ഓര്‍ക്കുന്നു.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് അധികം നഴ്സുമാരെ നിയമിച്ചപ്പോള്‍ ദേശീയ ആരോഗ്യദൗത്യത്തിലൂടെ മാര്‍ച്ച് 16-നാണ് ആഷിഫ് താലൂക്ക് ആശുപത്രിയില്‍ നഴ്സായെത്തിയത്. ഉത്സാഹവും അര്‍പ്പണമനോഭാവവും എന്തും വഴങ്ങുമെന്നുമുള്ള മനോഭാവവുമാണ് കോവിഡ് വാര്‍ഡിലേക്ക് തിരഞ്ഞെടുക്കാന്‍ കാരണം. നിരീക്ഷണത്തിലുള്ള രോഗികളോട് ഏറെ സ്നേഹപൂര്‍വമാണ് പെരുമാറിയിരുന്നത്. ഡോക്ടര്‍മാരും മുതിര്‍ന്ന നഴ്സുമാരും നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്തിരുന്നതും പെട്ടെന്ന് എല്ലാവരുടെയും പ്രിയങ്കരനാക്കി -സഹപ്രവര്‍ത്തകര്‍ ഓര്‍മിക്കുന്നു.

താലൂക്ക് ആശുപത്രിയില്‍ കോവിഡ് രോഗബാധിതര്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങിയപ്പോള്‍ അവിടെയും സമയക്രമം നോക്കാതെയായിരുന്നു പ്രവര്‍ത്തനം. ലക്ഷണങ്ങളില്ലാത്തവരെ ഡോക്ടര്‍മാരുടെ അടുത്തേക്ക് വിടാതെ നിയന്ത്രിച്ചിരുന്നതിലും മിടുക്ക് തെളിയിച്ചിരുന്നു.

ചാവക്കാട് തൊട്ടാപ്പ് ആനാംകടവില്‍ അബ്ദുവിന്റെയും ഷമീറയുടെയും മകനാണ്. ആഷിഫിന്റെ മാതാവ് ഷെമീറ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിലെ ജീവനക്കാരിയാണ്. മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. തൃശ്ശൂര്‍ ഗവ. നഴ്‌സിങ് സ്‌കൂളിലെ പഠനത്തിനുശേഷം മെഡിക്കല്‍ കോളേജില്‍ ആറുമാസം പരിശീലനം നേടിയിരുന്നു. ഏകസഹോദരി അജു നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്.

SHARE